നന്തന്‍കോട് കൂട്ടക്കൊല: തൃപ്തികരമായ വിധിയെന്ന് പ്രോസിക്യൂട്ടർ; വധശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്ന് പൊലീസ്

കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്

nanthancode murder case verdict
കേഡൽ ജിൻസൺ രാജ, കെ ഇ ബൈജു
Last Updated :13 May 2025, 4:17 pm IST
Edited by :jayakumarna

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതില്‍ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂഷന്‍. ഓരോ കൊലപാതക കേസിലും മൂന്നു ലക്ഷം രൂപയുടെ നഷ്ടപരിഹാരം പറഞ്ഞിട്ടുണ്ട്. അതോടൊപ്പം വീടു തീ വെച്ചതിന് 7 വര്‍ഷത്തെ കഠിന തടവു വിധിച്ചു. അതിനും പിഴ വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിന് അഞ്ചു വര്‍ഷം തടവുമാണ് വിധിച്ചിട്ടുള്ളതെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ. ദിലീപ് സത്യന്‍ പറഞ്ഞു.

ഇതില്‍ ഏഴും അഞ്ചും വര്‍ഷത്തെ തടവ് ആകെ 12 വര്‍ഷം ആദ്യം അനുഭവിക്കണം. അതിനുശേഷം മാത്രമാകും ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളൂ. സര്‍ക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള ഇളവ് ലഭിച്ചില്ലെങ്കില്‍ ഏതാണ്ട് 30 വര്‍ഷത്തോളം കേഡലിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അഡ്വ. ദിലീപ് സത്യന്‍ പറഞ്ഞു. ഈ കേസിലെ ജീവിക്കുന്ന ഇരയാണ്, ഒന്നാം സാക്ഷി കൂടിയായ പ്രതിയുടെ അമ്മാവന്‍ ജോസ് സുന്ദരം. അതിനാലാണ് അദ്ദേഹത്തിന് പിഴത്തുക നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി വിധിച്ചതെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അത്യപൂര്‍വമായിട്ടാണ് വധശിക്ഷ നല്‍കുന്നത്. രണ്ടു വകുപ്പുകളിലായി ഏഴും അഞ്ചും കൂടി 12 വര്‍ഷത്തെ തടവും അതിനു ശേഷം മാത്രം ജീവപര്യന്തം ആരംഭിക്കുകയുള്ളൂ എന്ന കോടതി വിധി തൃപ്തികരമാണ്. കൂടാതെ ജീവപര്യന്തത്തില്‍ ഒരു തരത്തിലുള്ള ഇളവും അനുവദിക്കരുതെന്ന നിര്‍ദേശവും അഭിനന്ദനാര്‍ഹമാണ്. മാനസികാരോഗ്യത്തിന് കേഡല്‍ ചികിത്സയിലായിരുന്നു എന്ന റിപ്പോര്‍ട്ടും കോടതിയില്‍ വന്നിരുന്നു. കോടതി വിധി ചലഞ്ച് ചെയ്യണോയെന്നത് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനിക്കുമെന്നും അഡ്വ. ദിലീപ് സത്യന്‍ വ്യക്തമാക്കി.

കേസില്‍ പ്രതിക്ക് വധശിക്ഷ കുട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ ഇ ബൈജു പറഞ്ഞു. ഓരോ കേസുകളും ഓരോ തരത്തിലാണ് കോടതികള്‍ പരിഗണിക്കുന്നത്. 12 വര്‍ഷം തടവിനു ശേഷം മാത്രമേ ജീവപര്യന്തം തുടങ്ങൂ എന്നതാണ് വിധിയിലെ പ്രത്യേകത. പിഴ അടച്ചില്ലെങ്കില്‍ ഓരോ വര്‍ഷം പ്രത്യേക തടവുശിക്ഷയുമുണ്ട്. ഏതാണ്ട് 22 വര്‍ഷത്തിലേറെ പ്രതി ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് മനസ്സിലാക്കുന്നത്. ഇത് നല്ല ശിക്ഷ തന്നെയാണെന്ന് ഇപ്പോള്‍ കോഴിക്കോട് റൂറല്‍ എസ്പിയായ കെ ഇ ബൈജു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now