വഖഫ് ബോർഡിലെ അവഗണനയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്നും കാന്തപുരം വിഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്

Kanthapuram AP Aboobacker Musliyar
Kanthapuram AP Aboobacker Musliyar
Last Updated :19 October 2026, 10:08 pm IST
Guest Author :Jayakumar

News Now

കോഴിക്കോട്: വഖഫ് ബോർഡിൽ പ്രാതിനിധ്യം ലഭിക്കാത്തതിലുള്ള അതൃപ്തിയിൽ അയവില്ലാതെ സമസ്തയിലെ കാന്തപുരം വിഭാഗം. മുസ്ലിം ലീഗ് വിളിച്ചുചേർത്ത മുസ്ലിം സംഘടനകളുടെ യോഗത്തിൽനിന്ന് വിട്ടുനിന്ന കാന്തപുരം വിഭാഗം, വിഷയത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന സൂചനയാണ് നൽകുന്നത്.

എസ്‌ഐആർ പ്രക്ഷോഭം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ ചേർന്ന യോഗത്തിലേക്ക് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെ മൂന്ന് നേതാക്കളെ ക്ഷണിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ കത്ത് നൽകിയത്. എന്നാൽ, വഖഫ് ബോർഡിലെ പ്രാതിനിധ്യം നിഷേധിച്ചതിലുള്ള പ്രതിഷേധം അറിയിക്കുന്നതിന്റെ ഭാഗമായി യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് കാന്തപുരം വിഭാഗം തീരുമാനിക്കുകയായിരുന്നു.

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കണ്ടപ്പോൾ, കാന്തപുരം വിഭാഗത്തെ അനുനയിപ്പിക്കാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ചർച്ചകൾക്കുപോലും തയ്യാറല്ലെന്ന നിലപാടിൽ വിഭാഗം ഉറച്ചുനിൽക്കുകയാണ്. വഖഫ് ബോർഡിലെ അവഗണനയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്നും കാന്തപുരം വിഭാഗം നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.

വഖഫ് ബോർഡിൽ പ്രാതിനിധ്യം നിഷേധിച്ചതിനപ്പുറം സമസ്തയിലെ ഇരു വിഭാഗങ്ങളെയും അപമാനിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നാണ് കാന്തപുരം വിഭാഗത്തിന്റെ ആരോപണം. ഇരു സമസ്തകളുടെയും പ്രാതിനിധ്യം ഒഴിവാക്കാൻ ആസൂത്രിത നീക്കം നടന്നതായും നേതാക്കൾ ആരോപിക്കുന്നു.

“സ്ത്രീ പ്രാതിനിധ്യം നിയമപ്രകാരം വേണ്ടതിലധികം നൽകിയാണ് അംഗബലം ഒമ്പതിലെത്തിച്ചത്. കേരളത്തിലെ 79,900 വഖഫ് സ്വത്തുക്കളിൽ അര ശതമാനത്തിന്റെ പോലും നിയന്ത്രണമില്ലാത്തവർക്കും കേരളത്തിൽ നാമമാത്രമായ സാന്നിധ്യം പോലുമില്ലാത്ത ബോറകൾക്കും ബോർഡിൽ ഇടം നൽകിയിട്ടുണ്ട്. ഇരു സമസ്തകളെയും കബളിപ്പിക്കാനും മാറ്റിനിർത്താനും ഗൂഢശ്രമം നടന്നുവെന്ന് വെറുതെ പറയുന്നതല്ല. ലീഗുമായി സുന്നികൾ എന്നും കലഹിച്ചുകൊണ്ടിരിക്കണമെന്ന് ആഗ്രഹിക്കുന്ന അസുന്നികൾ ലീഗ് നേതൃത്വത്തിൽ തന്നെയുണ്ട്. അവർക്ക് വീണ്ടും വഴങ്ങരുതായിരുന്നു,” കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം പറഞ്ഞു.

എ പി വിഭാഗത്തിന്റെ അതൃപ്തി പരിഹരിക്കാൻ വരാനിരിക്കുന്ന ഹജ്ജ് ബോർഡ്, മദ്രസാ ബോർഡ് നിയമനങ്ങളിൽ കൃത്യമായ പരിഗണന നൽകാമെന്ന പ്രതീക്ഷയിലായിരുന്നു മുസ്ലിം ലീഗ് നേതൃത്വം എന്നാണ് വിവരം. എന്നാൽ, വഖഫ് ബോർഡിൽ നിന്ന് ഒഴിവാക്കിയതിന് പകരമായി ഹജ്ജ് കമ്മിറ്റിയിലോ മറ്റ് ബോർഡുകളിലോ പ്രാതിനിധ്യം നൽകി അനുനയിപ്പിക്കാനുള്ള നീക്കങ്ങളോട് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് കാന്തപുരം വിഭാഗമെന്നാണ് സൂചന.

Summary

Neglect in the Waqf Board: Kanthapuram faction expresses strong dissatisfaction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates