നിപ രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം; സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും

nipah
നിപ ഐസൊലേഷൻ വാർഡ്ടിവി ദൃശ്യം
Edited by :Jayakumar
Last Updated :11 ജൂൺ 2026, 7:11 am IST

കോഴിക്കോട്: നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രാത്രി 12 മണിയോടെയാണ് രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളജിലും പരിസരപ്രദേശങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും.

ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫറോക്ക് സ്വദേശിയായ 43 കാരന് നിപ കണ്ടെത്തിയത്. കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനെ എന്‍ഐവിയിലേക്ക് സാംപിള്‍ അയച്ചിട്ടുണ്ട്. രോഗിക്ക് ആരൊക്കെയായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചു. സമ്പര്‍ക്കപ്പട്ടിക ഇന്നു തയ്യാറാക്കും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും, ഡീ അഡിക്ഷന്‍ സെന്ററിലും ഇയാള്‍ പോയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ബന്ധുക്കളോടും ഏറ്റവും കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയവരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് രോഗി നിലവില്‍ ചികിത്സയിലുള്ളത്. നിപ രോഗിയെ പ്രവേശിപ്പിച്ച വാര്‍ഡിന് സമീപത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പ്രത്യേക ബാരിക്കേഡുകള്‍ സ്ഥാപിച്ചു.എസ്ഡിഎസ് ബ്ലോക്കിലേക്കുള്ള വഴി അടച്ചു. വാര്‍ഡിന്റെ പരിസരത്തെ പാര്‍ക്കിങ്ങും പൂര്‍ണ്ണമായി നിരോധിച്ചു. ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന രോഗികള്‍ ഉള്‍പ്പെടെ ആശുപത്രിയുടെ പ്രധാന ഗെയിറ്റ് ഉപയോഗിക്കണമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് നിര്‍ദേശിച്ചു.

ഒരാഴ്ച മുമ്പ് കടുത്ത പനിയോടെയാണ് ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗലക്ഷണങ്ങൾ കാണിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുമുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ പകരാൻ സാധ്യതയുള്ള ഒരു ജന്തുജന്യ വൈറസ് രോഗമാണ് നിപ. പനിയോടൊപ്പം ശരീരവേദന, തലവേദന, ശ്വാസതടസ്സം, ഛർദ്ദി, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

News Now

Summary

Nipah patient shifted to kozhikode medical college isolation ward

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates