'അച്ഛന്‍റെ ഫാമിലി പെന്‍ഷന്‍ വാങ്ങിയത് എന്റെ അമ്മ പി കെ ശ്രീമതി'; വെളിപ്പെടുത്തി മുന്‍ എംഎല്‍എയുടെ മകന്‍

പി ആർ കൃഷ്ണന്റെ ഭാര്യ പി കെ ശ്രീമതി തൃശൂര്‍ പൂച്ചെട്ടിയിലെ റിട്ടയേഡ് അധ്യാപികയാണ്

Ajith, P K Sreemathi
അജിത്, പി കെ ശ്രീമതി
Edited by :Jayakumar
Last Updated :24 ജൂലൈ 2026, 8:58 am IST

തൃശൂര്‍: അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയെന്ന സിപിഎം നേതാവ് പി കെ ശ്രീമതിക്കെതിരായ പ്രചാരണത്തില്‍, പ്രതികരണവുമായി മുന്‍ എംഎല്‍എ പി ആര്‍ കൃഷ്ണന്റെ മകന്‍ അജിത്. മുന്‍ എംഎല്‍എയുടെ ഭാര്യയെന്ന നിലയില്‍ തന്റെ അമ്മയാണ് പെന്‍ഷന്‍ കൈപ്പറ്റിയിരുന്നത്. പി കെ ശ്രീമതിയെന്നാണ് തന്റെ അമ്മയുടെ പേരെന്നും അജിത് പറഞ്ഞു.

കുന്നംകുളം മുന്‍ എംഎല്‍എയാണ് കോണ്‍ഗ്രസ് നേതാവായിരുന്ന പി ആര്‍ കൃഷ്ണന്‍. അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്രീമതി തൃശൂര്‍ പൂച്ചെട്ടിയിലെ റിട്ടയേഡ് അധ്യാപികയാണ്. ഭര്‍ത്താവ് എംഎല്‍എയായിരുന്നതിനാല്‍ അമ്മ മരിക്കുന്നതുവരെ പെന്‍ഷന്‍ കൈപ്പറ്റിയിരുന്നു. 2020 ല്‍ അമ്മ മരിച്ചു. അതിനുശേഷം ആറു വര്‍ഷമായി ആരും പെന്‍ഷന്‍ കൈപ്പറ്റുന്നില്ലെന്നും അജിത് പറഞ്ഞു.

അമ്മയുടെ മരണ ശേഷം മരണസര്‍ട്ടിഫിക്കറ്റ് അടക്കം ബന്ധപ്പെട്ട് വകുപ്പിന് സമര്‍പ്പിക്കുകയും പെന്‍ഷന്‍ ലഭിക്കുന്ന നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തുവെന്നും അജിത് കൂട്ടിച്ചേര്‍ത്തു. പി കെ ശ്രീമതി ടീച്ചര്‍ക്ക് ഈ പെന്‍ഷന്‍ വാങ്ങേണ്ട ആവശ്യമില്ല. ടീച്ചര്‍ക്കെതിരെയുള്ള രാഷ്ട്രീയ വിരോധമാകാം ഇത്തരം പ്രചാരണത്തിന് പിന്നിലെന്നും അജിത് പറഞ്ഞു.

അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നുവെന്ന തരത്തില്‍ തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുകയാണെന്ന് പറഞ്ഞ് പി കെ ശ്രീമതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു. അമ്പതു വര്‍ഷമായി പൊതു രംഗത്തുണ്ട്. അധ്യാപകനെന്ന നിലയിലുള്ള ഭര്‍ത്താവിന്റെ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഇന്നുവരെ ഒരു പൈസയുടെ അഴിമതി ആരോപണത്തിന് ഇടകൊടുക്കാതെയാണ് പ്രവര്‍ത്തിച്ചത്. വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി കെ ശ്രീമതി വ്യക്തമാക്കിയിരുന്നു.

News Now

Summary

P R Krishnan's son Ajith responds to the MLA pension controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates