പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി ; വിമുക്ത ഭടനെതിരെ പോക്സോ കേസ്

വിമുക്ത ഭടനായ പ്രേംരാജും അയൽവാസിയായ സ്ത്രീയും തമ്മിൽ കുറെക്കാലമായി വഴിത്തർക്കം നിലനിൽക്കുന്നുണ്ട്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:39 am IST

കോഴിക്കോട്: കോഴിക്കോട്  വേങ്ങേരിയിൽ  പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതിന് വിമുക്ത ഭടനെതിരെ പോക്സോ കേസെടുത്തു. വേങ്ങേരി സ്വദേശിയും വിമുക്ത ഭടനുമായ പ്രേംരാജിനെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രായ പൂർത്തിയാകാത്ത മകന് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചെന്ന് കാട്ടി അയൽവാസി ദൃശ്യങ്ങള്‍ സഹിതം നൽകിയ പരാതിയിലാണ് കേസെടുത്തത്. 

സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്.  വിമുക്ത ഭടനായ പ്രേംരാജും അയൽവാസിയായ സ്ത്രീയും തമ്മിൽ കുറെക്കാലമായി വഴിത്തർക്കം നിലനിൽക്കുന്നുണ്ട്. ഇതേത്തുടർന്നുള്ള വൈരാഗ്യം മൂലം പതിമൂന്ന് വയസ്സുകാരനായ മകൻ കാണ്‍കെ പ്രേംരാജ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് അയൽവാസി നടക്കാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. 

തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും കോഴിക്കോട് പോക്സോ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഇയാള്‍ ജാമ്യത്തിലിറങ്ങി. ബോധപൂര്‍വം നഗ്നത പ്രദർശിപ്പിച്ചിട്ടില്ലെന്നും തന്‍റെ കിടപ്പുമുറിയടക്കം പതിയുന്ന രീതിയിൽ അയൽവീട്ടുകാർ സിസിടിവി വെച്ചത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കാണിച്ച് പ്രേംരാജ് വനിതാ കമ്മീഷനും ബാലവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. 

പൊലീസ് നടപടി ചോദ്യം ചെയ്ത് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വേങ്ങേരി വില്ലേജില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് പ്രേംരാജിന്  കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പ്രേംരാജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി നടക്കാവ് പൊലീസ് വ്യക്തമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now