ഇസ്രയേല്‍ പണ്ടേ ലോകതെമ്മാടി രാഷ്ട്രമെന്ന് മുഖ്യമന്ത്രി; ഭൂലോക റൗഡിയെന്ന് മുഹമ്മദ് റിയാസ്

ഇസ്രയേല്‍ ഇറാന് നേരെ നടത്തിയിട്ടുള്ള അക്രമണത്തെ ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

Pinarayi Vijayan reaction on israel-iran conflict
pinarayi vijayan
Last Updated :13 June 2025, 12:16 pm IST
Edited by :Sujith

തിരുവനന്തപുരം; ഇസ്രയേല്‍ പണ്ടേ ലോകതെമ്മാടിയായിട്ടുള്ള രാഷ്ട്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (pinarayi vijayan). 'ലോകത്ത് സാധാരണനിലയിലുള്ള ഒരു മര്യാദയും പാലിക്കേണ്ടതില്ലെന്ന നിലപാട് അംഗീകരിച്ചുപോകുന്ന രാഷ്ട്രമാണ്. എന്തുമാകാം അമേരിക്കയുടെ പിന്തുണയുണ്ട് എന്ന ധീക്കാരപൂര്‍ണമായ സമീപനമാണ് എല്ലാ കാലത്തും ഇസ്രയേല്‍ സ്വീകരിച്ചിട്ടുള്ളത്.'- മുഖ്യമന്ത്രി പറഞ്ഞു.

'അത്യന്തം സ്‌ഫോടാനാത്മകമായ വിവരങ്ങളാണ് ഇന്ന് വന്നിട്ടുള്ളത്. അതാണ് ഇറാന് നേരെ നടത്തിയ ആക്രമണം. അത്തരമൊരു ആക്രമണത്തെ ന്യായീകരിക്കാനാവില്ല. അത് ലോകസമാധാനത്തിന് ഭീഷണമായ അന്തരീക്ഷമാണ് ഉണ്ടാക്കുക. സമാധാനകാംഷികള്‍ ഇതിനെ എതിര്‍ക്കാനും അപലപിക്കാനും തയ്യാറാവണം' - മുഖ്യമന്ത്രി പറഞ്ഞു.

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. മിസൈലുകളും ഡ്രോണുകളുമടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ യുദ്ധവിമാനങ്ങളും ഉപയോഗിച്ചിരുന്നുവെന്ന് ഇസ്രയേല്‍ സൈന്യം പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കി.

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ സൈനിക മേധാവിയും റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് മേധാവിയും കൊല്ലപ്പെട്ടു. ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരി , ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി എന്നിവര്‍ കൊല്ലപ്പെട്ടു. ടെഹ്റാനില്‍ വെള്ളിയാഴ്ച രാത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സൈനിക മേധാവി കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചു.

ഇറാന്റെ മറ്റു ഉന്നത സൈനിക ഉദ്യോഗസ്ഥരും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറ്റമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്റെ മുന്‍ തലവന്‍ ഫെറൈഡൂണ്‍ അബ്ബാസി, ടെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് സര്‍വകലാശാല പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി എന്നിവരാണ് കൊല്ലപ്പെട്ടത്. നടാൻസിലുള്ള ഇറാന്റെ പ്രാഥമിക ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിനും ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കും നേരെയും ഇസ്രയേൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്.

അതേസമയം, ഇസ്രായേല്‍ സമാധാനത്തിനു ഭീഷണിയായ ഭൂലോക റൗഡി രാഷ്ട്രമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. സാമൂഹികമാധ്യമത്തിലൂടെയാണ് മന്ത്രി ഇസ്രയേലിന്റെ ആക്രമണത്തെ അപലപിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്. 'ഇസ്രയേല്‍ സമാധാനത്തിന് ഭീഷണിയായ ഭൂലോക റൗഡി. ഇറാനുനേരെയുള്ള കടന്നാക്രമണം പ്രതിഷേധാര്‍ഹം,' എന്നാണ് മന്ത്രി ഫെയ്സ് ബുക്കില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now