'എല്‍ഡിഎഫ് അവസാനിച്ചെന്ന് കരുതി സന്തോഷിക്കേണ്ട; ശക്തമായി തിരിച്ചുവരും'

ഈ പരാജയത്തോട് കൂടി എല്‍ഡിഎഫ് ആകെ അവസാനിച്ചുപോയി എന്ന് ചിലര്‍ കരുതുന്നുണ്ട്. അങ്ങനെ സന്തോഷിക്കേണ്ട കാര്യമില്ല

PINARAYI VIJAYAN
പിണറായി വിജയന്‍
Edited by :Sujith
Last Updated :26 മേയ് 2026, 8:13 pm IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് അവസാനിച്ചുവെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ അങ്ങനെ സന്തോഷിക്കേണ്ട കാര്യമില്ലെന്നും എല്‍ഡിഎഫ് ശക്തമായി തിരിച്ചുവരുമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് കെജിഒഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.

'ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ആ പരാജയം ഞങ്ങള്‍ അംഗീകരിക്കുന്നു. ഈ പരാജയത്തോട് കൂടി എല്‍ഡിഎഫ് ആകെ അവസാനിച്ചുപോയി എന്ന് ചിലര്‍ കരുതുന്നുണ്ട്. അങ്ങനെ സന്തോഷിക്കേണ്ട കാര്യമില്ല. എന്തുകൊണ്ട് ജനം മാറ്റി നിര്‍ത്തി എന്ന കാര്യം പാര്‍ട്ടി വിശദമായി പരിശോധിച്ചുവരികയാണ്. ഞങ്ങള്‍ക്കുണ്ടായ ദൗര്‍ബല്യങ്ങളോ, തെറ്റുകളോ അതെല്ലാം കൃത്യമായി കണ്ടെത്തുകയും അതിന്റെ ഭാഗമായുള്ള തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങള്‍ ഇതില്‍ കണ്ടിട്ടുള്ളത്. എല്‍ഡിഎഫ് ശക്തമായി തന്നെ തിരിച്ചുവരും എന്നതാണ് നാം കാണേണ്ടത്' പിണറായി പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയത്തോടെ ഇടതുപക്ഷം ഇല്ലാതായി എന്ന് പ്രചരിപ്പിക്കുന്നവര്‍ അധികം ആഹ്ലാദിക്കേണ്ടതില്ലെന്ന് പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. പരാജയം എല്ലാത്തിന്റെയും അവസാനമല്ല. മുന്‍പ് എകെ ആന്റണി അധികാരത്തില്‍ ഇരുന്നപ്പോഴും ഇനി ഇടതുപക്ഷം ജയിക്കില്ലെന്ന തരത്തില്‍ കടുത്ത പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇടതുപക്ഷം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് ഉള്ളത്. ഇത്തവണ ജനങ്ങള്‍ എന്തുകൊണ്ട് മാറ്റിനിര്‍ത്തി എന്നതിന്റെ കാരണങ്ങള്‍ പാര്‍ട്ടി ആഴത്തില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുക എന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്.

ജനങ്ങള്‍ക്ക് പ്രയോജനമാകുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ പിന്തുണയ്ക്കുമെന്നും, എന്നാല്‍ ജനവിരുദ്ധ നയങ്ങളെ വിട്ടുവീഴ്ചയില്ലാതെ ശക്തമായി എതിര്‍ക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. പാര്‍ട്ടി ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുമെന്നും തെറ്റുകുറ്റങ്ങള്‍ തിരുത്തി ഇടതുപക്ഷം ജനവിശ്വാസം വീണ്ടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News Now

Summary

Pinarayi Vijayan says that LDF will make a strong comeback

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates