മുമ്പ്  സമാനമായ സാഹചര്യത്തില്‍ മുംബൈ സ്വദേശിയായ ഒരു കുട്ടിയുടെ ചികിത്സയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയ കാര്യം കത്തില്‍ ഓര്‍മ്മിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍, ഒന്നര വയസ്സുകാരന്‍ മുഹമ്മദ്‌
Last Updated :20 January 2024, 8:46 am IST

News Now

തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച  കണ്ണൂര്‍ സ്വദേശിയായ  ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്  ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയില്‍ ഇളവ്  അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 

മുമ്പ്  സമാനമായ സാഹചര്യത്തില്‍ മുംബൈ സ്വദേശിയായ ഒരു കുട്ടിയുടെ ചികിത്സയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയ കാര്യം കത്തില്‍ ഓര്‍മ്മിപ്പിച്ചു. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് 18 കോടി രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചത്.

രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന്റെ ദാരുണാവസ്ഥ പുറത്തുവന്നതിന് പിന്നാലെ  കുട്ടിക്ക് വേണ്ടി ലോകമെമ്പാടുമുള്ള സുമനസുകള്‍ കൈകോര്‍ത്തു. ദിവസങ്ങള്‍ക്കുള്ളില്‍ ചികിത്സാ ചെലവായ 18 കോടി രൂപ പിരിച്ച് കിട്ടി. കേരളത്തില്‍ ഈ അപൂര്‍വ രോഗം ബാധിച്ച് 100 പേര്‍ ചികിത്സയിലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയിലുള്ള  കോഴിക്കോട് സ്വദേശി ഇമ്രാന്റെ ചികിത്സ നടപടികള്‍ ചര്‍ച്ച ചെയ്യാനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേരും. ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈനായാണ് ബോര്‍ഡ് ചേരുക. കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇമ്രാന്റെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates