പിടികൂടുമ്പോള്‍ പ്രവീണ്‍ റാണ സന്യാസി വേഷത്തില്‍; അതിഥി തൊഴിലാളിയുടെ ഫോണില്‍ നിന്ന് വിളിച്ചത് വഴിത്തിരിവ്

തൃശ്ശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ പിടിയിലാകുമ്പോള്‍ സന്യാസി വേഷത്തിലെന്ന് പൊലീസ്

പ്രവീണ്‍ റാണ
Last Updated :20 January 2024, 9:15 am IST
Edited by :migrator

കൊച്ചി:  തൃശ്ശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ പിടിയിലാകുമ്പോള്‍ സന്യാസി വേഷത്തിലെന്ന് പൊലീസ്. പെരുമ്പാവൂര്‍ സ്വദേശി ഒരുക്കിയ ഒളിയിടത്തില്‍ ആരും തിരിച്ചറിയാതിരിക്കാന്‍ സന്യാസി വേഷത്തില്‍ കഴിയുമ്പോഴാണ് പ്രവീണ്‍ റാണ പിടിയിലായതെന്നും പൊലീസ് പറയുന്നു.

കേസില്‍ പൊലീസിനെ വെട്ടിച്ച് ഈ മാസം ആറിന് കലൂരിലെ ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ട് സംസ്ഥാനം വിട്ട പ്രവീണ്‍ റാണയെ കോയമ്പത്തൂരിലെ പൊള്ളാച്ചിയില്‍ നിന്നാണ് പിടികൂടിയത്. ദേവരായപുരത്തെ കരിങ്കല്‍ ക്വാറിയില്‍ ഒളിവില്‍ കഴിയുമ്പോഴാണ് പിടിയിലായതെന്നും പൊലീസ് പറയുന്നു. അതിഥി തൊഴിലാളിയുടെ ഫോണ്‍ ഉപയോഗിച്ച് വീട്ടുകാരെ വിളിച്ചതാണ് വഴിത്തിരിവായത്. ബലംപ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

ഈ മാസം ആറിന് പ്രവീണ്‍ റാണ എവിടെ ഉണ്ട് എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പ്രതിയെ പിടികൂടാനായി പോലീസ് സംഘം കലൂരിലെ ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍ മറ്റൊരു ലിഫ്റ്റിലൂടെ ഇയാള്‍ ഫ്‌ളാറ്റില്‍ നിന്ന് കടന്നുകളയുകയായിരുന്നു. പ്രവീണ്‍ റാണയുടെ കൂട്ടാളിയെ ഇന്നലെ പിടികൂടിയിരുന്നു. തുടര്‍ന്ന് വിപുലമായ നിലയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രവീണ്‍ റാണ കോയമ്പത്തൂരില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.

വന്‍ പലിശയും ലാഭവും വാഗ്ദാനംചെയ്താണ് സേഫ് ആന്‍ഡ് സ്‌ട്രോങ് എന്ന കമ്പനിയുടെ പേരില്‍ പ്രവീണ്‍ റാണ എന്ന കെ പി പ്രവീണ്‍ കോടികള്‍ തട്ടിയെടുത്തത്. നിലവില്‍ ഇയാള്‍ക്കെതിരേ തൃശ്ശൂരിലെ വിവിധ സ്റ്റേഷനുകളിലായി 24-ഓളം കേസുകളുണ്ട്. എന്നാല്‍ പൊലീസ് കേസെടുത്തതോടെ പ്രവീണ്‍ റാണ ഒളിവില്‍പോവുകയായിരുന്നു.

എന്‍ജിനിയറിങ് പഠനത്തിന് ശേഷം മൊബൈല്‍ റീച്ചാര്‍ജ് കട നടത്തിയിരുന്ന കെ പി പ്രവീണ്‍ ആണ് പിന്നീട് ഡോ. പ്രവീണ്‍ റാണയായത്. കേരളത്തിന് പുറത്ത് പൂട്ടിപ്പോയ വ്യാപാരസ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതായിരുന്നു ആദ്യ ബിസിനസ്. പിന്നീട് കര്‍ണാടകയിലും തമിഴ്‌നാട്ടിലും പബ്ബുകള്‍ ആരംഭിച്ചു. ഇതിനിടെ കേരളത്തിലേക്ക് മടങ്ങി സ്വയം സൃഷ്ടിച്ച താരപരിവേഷത്തിന്റെ മറവില്‍ സേഫ് ആന്‍ഡ് സ്‌ട്രോങ് കമ്പനിയിലേക്ക് വ്യാപകമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now