രണ്ട് കോടതികളില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു; രാഹുല്‍ ഈശ്വറിന്റെ ജാമ്യം ഇന്നും പരിഗണിച്ചില്ല

രാഹുലിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണത്തോട് രാഹുല്‍ ഈശ്വര്‍ സഹകരിക്കുന്നില്ലെന്നും സൈബര്‍ പൊലീസ് കോടതിയില്‍ അറിയിച്ചു.

Rahul Easwar
Rahul Easwar Samakalikamalayalam
Edited by :ആതിര അഗസ്റ്റിന്‍
Last Updated :5 ഡിസംബർ 2025, 6:53 pm IST

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനായി മാറ്റി. സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ നാളെ പരിഗണിക്കാനായി മാറ്റിയത്. രണ്ട് കോടതികളിലാണ് നിലവില്‍ രാഹുല്‍ അപേക്ഷ സമര്‍പ്പിച്ചത്. ഏതെങ്കിലും ഒരു അപേക്ഷ പിന്‍വലിക്കാന്‍ കോടതി രാഹുലിനോട് ആവശ്യപ്പെട്ടു. രാഹുലിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണത്തോട് രാഹുല്‍ ഈശ്വര്‍ സഹകരിക്കുന്നില്ലെന്നും സൈബര്‍ പൊലീസ് കോടതിയില്‍ അറിയിച്ചു.

നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ രാഹുല്‍ ഈശ്വര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഇത് ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കീഴ്ക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെയും ചോദ്യം ചെയ്താണ് രാഹുല്‍ കോടതിയെ സമീപിച്ചത്.

ജയിലില്‍ നിരാഹാരം തുടരുന്ന രാഹുലിന്റെ ആരോഗ്യനില വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലയില്‍ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വര്‍ നിലവില്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടരുകയാണ്.

News Now

Summary

Rahul Easwar's bail application to be considered tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates