ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത

ഫോട്ടോ: എക്‌സ്പ്രസ്‌
Last Updated :20 January 2024, 9:23 am IST

News Now

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ന് ഇടുക്കി, എറണാകുളം,  തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തിങ്കളാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വിദര്‍ഭക്കും ഛത്തീസ്ഗഡിനും  മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.തെക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശിനും തെക്ക് കിഴക്കന്‍ രാജസ്ഥാനും  വടക്ക് കിഴക്കന്‍ ഗുജറാത്തിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി  ഒഡിഷ  ആന്ധ്രാ പ്രദേശ് തീരത്തിനു  സമീപം പുതിയൊരു ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates