കപ്പൽ ജീവനക്കാരനായ കൊച്ചി സ്വദേശിയെ ഹോങ് കോങ്ങിൽ കാണാതായി; ദുരൂഹതയെന്ന് മാതാവ്; മുഖ്യമന്ത്രിക്ക് പരാതി നൽകി

ഹോങ്‌ കോങ്ങിൽ രണ്ടു ദിവസം തിരച്ചിൽ നടത്തിയെന്നും ജിജോയെ കണ്ടെത്താനായില്ല

Last Updated :20 January 2024, 9:20 am IST


കൊച്ചി; കപ്പൽ ജീവനക്കാരനായ കൊച്ചി സ്വദേശിയെ കാണാതായതായി പരാതി. പള്ളുരുത്തി വെസ്റ്റ് കച്ചേരിപ്പടി വെളിപ്പറമ്പിൽ വീട്ടിൽ ജിജോ അഗസ്റ്റിനെയാണ് (26) ഹോങ്‌ കോങ്ങിൽ കാണാതായതായി അമ്മ ഷേർളി ജേക്കബ്ബിന് ഷിപ്പിങ് കമ്പനിയിൽനിന്ന്‌ സന്ദേശം ലഭിച്ചത്. മേയ് 14ന് കപ്പലിലെ ജീവനക്കാരനാണ് ജിജോയെ കാണാതായ വിവരം വിളിച്ച് അറിയിക്കുന്നത്. നാലുദിവസമായി യുവാവിനെക്കുറിച്ച് വിവരങ്ങളൊന്നും ഷിപ്പിങ് കമ്പനിക്കോ കുടുംബാംഗങ്ങൾക്കോ ലഭിച്ചിട്ടില്ല.

തായ്‌ലാൻഡിൽനിന്ന്‌ ഹോങ്‌ കോങ്ങിലേക്കു പോയ കെസ്ട്രൽ കമ്പനിയുടെ കണ്ടെയ്‌നർ കപ്പലിലെ ജീവനക്കാരനാണ് ജിജോ അഗസ്റ്റിൻ. മേയ് 12-നാണ് അമ്മ ഷേർളിയെ ജിജോ അവസാനം വിളിച്ചത്. പിന്നീട് 14-നാണ് മുംബൈ എക്സ്-ടി ഷിപ്പിങ്ങിൽനിന്ന്‌ ക്യാപ്റ്റൻ അനിൽ സൂദ് എന്ന് പരിചയപ്പെടുത്തിയ ആൾ ജിജോയെ കാണാനില്ലെന്ന വിവരം ഷേർളിയെ അറിയിച്ചത്. പിന്നീട് ഷിപ്പിങ് കമ്പനിയിൽനിന്ന്‌ വീണ്ടും അറിയിപ്പു വന്നു. ഹോങ്‌ കോങ്ങിൽ രണ്ടു ദിവസം തിരച്ചിൽ നടത്തിയെന്നും ജിജോയെ കണ്ടെത്താനായില്ലെന്നുമായിരുന്നു സന്ദേശം. കപ്പൽ തീരം വിടുകയാണെന്ന അറിയിപ്പും ഷിപ്പിങ് കമ്പനി നൽകി.

കപ്പൽ ജോലിക്കിടെ ഉത്തരേന്ത്യക്കാരായ മൂന്നുപേർ സ്ഥിരമായി കളിയാക്കിയിരുന്നുവെന്നും ഇതിന്റെ പേരിൽ ചില പ്രശ്നങ്ങളുണ്ടായെന്നും ഷേർളിയോട് നേരത്തേ ജിജോ പറഞ്ഞിരുന്നു. ഈ മൂന്നു പേരെ കമ്പനി ജോലിയിൽനിന്നു പറഞ്ഞുവിട്ടെന്നും പിന്നീട് തന്റെ ഫോണിലേക്ക് ഒരുപാട് ഭീഷണി കോളുകൾ വന്നിരുന്നതായും ജിജോ അമ്മയോട് പറഞ്ഞിരുന്നു. ജിജോയുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് മാതാവ് ആരോപിച്ചു. 

ജിജോയുടെ അച്ഛൻ 24 വർഷം മുന്നേ മരിച്ച ശേഷം കൂലിവേലയെടുത്താണ് ഷേർളി മകനെ പഠിപ്പിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി അമ്മ പറഞ്ഞു. പള്ളുരുത്തി പോലീസ് സ്റ്റേഷനിലും ഷേർളി പരാതി നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരൻ, ഹൈബി ഈഡൻ, കെവി തോമസ് എന്നിവരേയും വിവരം അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now