'ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകണം, ഗുരുവായൂരപ്പനെ സേവിച്ച് എനിക്ക് മരിക്കണം'; സുരേഷ് ഗോപി

Suresh Gopi
സുരേഷ് ഗോപി
Edited by :അമല്‍ ജോയ്
Last Updated :21 ഫെബ്രുവരി 2026, 9:02 pm IST

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ആയി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്രയേയുള്ളൂ ആഗ്രഹം, അല്ലാതെ ഇപ്പോള്‍ കാണുന്നതല്ല തന്റെ ആഗ്രഹം. അതിനപ്പുറം ഒന്നും താന്‍ ആഗ്രഹിക്കുന്നില്ലെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ദേവി അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് സുരേഷ് ഗോപി പറഞ്ഞു.

'ഇത് പറഞ്ഞാല്‍ അപകടമാകില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ നോര്‍ത്ത് ഇന്ത്യയിലെ പത്രങ്ങള്‍ സുരേഷ് ഗോപി രാജിവെച്ച് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി പോയി എന്ന് പറഞ്ഞ് പുകിലാക്കി കളയും. ജീവിക്കാന്‍ വയ്യാത്ത അവസ്ഥയായിട്ടുണ്ട്.'- സുരേഷ് ഗോപി പറഞ്ഞു.

'എന്റെ ജീവിതത്തില്‍ ഒത്തിരി വനിതകള്‍ സ്വാധീനിച്ചിട്ടുണ്ട്. അത് എന്റെ മുത്തശ്ശിയില്‍ നിന്ന് തുടങ്ങുന്നു. ആദ്യം രുചികരമായതും നല്ലതുമായ ഭക്ഷണം മുത്തശ്ശി ഒരുക്കി, അത് അമ്മയ്ക്ക് കൈമാറി. വിവാഹ ശേഷം എന്റെ ശക്തി ഭാര്യ രാധികയാണ്. കുട്ടികളെ വളര്‍ത്തുന്നതില്‍ രാധിക നിര്‍ണായക പങ്കുവഹിച്ചു. ഇതെല്ലാം ഞാന്‍ വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. എന്റെ വരുമാന രേഖകള്‍ പരിശോധിച്ചാല്‍ ഞാന്‍ എന്റെ ഭാര്യയ്ക്ക് നല്‍കുന്ന പ്രാധാന്യം മനസിലാകും. എന്റെ പേരില്‍ ഒരു ഫ്‌ലാറ്റുണ്ടെങ്കില്‍ അതിന്റെ ഒരു നില എന്റെ പേരിലും അടുത്തത് എന്റെ ഭാര്യയുടെ പേരിലായിരിക്കും. എന്റെ പേരില്‍ എന്തൊക്കെ സ്വത്തുണ്ടോ അതില്‍ പകുതി ഭാര്യയുടെ പേരിലാണ്. എന്റെ പേരില്‍ ഒരു വസ്തു ഉണ്ടെങ്കില്‍ രണ്ടെണ്ണം രാധികയുടെ പേരിലായിരിക്കും. മന്ത്രി സ്ഥാനം ഒഴിച്ച് ബാക്കി എല്ലാ മേഖലകളിലും ഭാര്യയ്ക്ക് തുല്യമായ പങ്ക് നല്‍കി കൃത്യമായ രേഖ വരച്ചിട്ടുണ്ട്. എന്റെ ഹൃദയത്തിലും ആ രേഖയുണ്ട്'- സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകനാകാനുള്ള യോഗ്യത ആത്മാര്‍ഥതയുണ്ടാകണമെന്നതാണെന്നും ഈ യോഗ്യതയുണ്ടെങ്കില്‍ ശത്രുക്കള്‍ നമ്മെ കണ്ട് ഭയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

11 മലയാളി സ്ത്രീ രത്നങ്ങള്‍ക്ക് ആദരം

വിവിധ മേഖലകളില്‍ സമൂഹ മുന്നേറ്റത്തിന് മാതൃകയായ 11 സ്ത്രീരത്‌നങ്ങള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിന്റെ ആദരം. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 11 വനിതകള്‍ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി ദേവി അവാര്‍ഡ് സമ്മാനിച്ചു.

ഡോ. സോസമ്മ ഐപ്. ലിറ്റി ചാക്കോ, നളിനി ചന്ദ്രന്‍, പിഎസ് ജലജ, കപില വേണു, പി ഭാനുമതി, രേഷ്മ സുരേഷ്, രാധാമണി അമ്മ, പാരീസ് ലക്ഷ്മി, അഭയ ഹിരണ്‍മയി എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.

അദാനി ഗ്രൂപ്പ് പ്രസന്റിംഗ് പാര്‍ട്ണറായും, ജോയ് ആലുക്കാസ് അസോസിയേറ്റ് പാര്‍ട്ണറായും വോള്‍വോ ലക്ഷ്വറി മൊബിലിറ്റി പാര്‍ട്ണറായും, ഫെഡറല്‍ ബാങ്ക് ബാങ്കിങ് പാര്‍ട്ണറായും, അമൃത വിശ്വവിദ്യാപീഠം നോളജ് പാര്‍ട്ണറുമാണ്. കൂടാതെ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, റേഡിക്കോ, ഇന്‍ഡല്‍ജ് എന്നിവരും ഈ പരിപാടിയുടെ ഭാഗമാണ്.

ചടങ്ങില്‍ വിശിഷ്ടാതിഥിയായി മുന്‍ കേന്ദ്രമന്ത്രിയും സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി. തോമസ്, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്ല, ഗ്രൂപ്പ് സിഇഒ ലക്ഷ്മി മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

News Now

Summary

Should become Devaswom Board Chairman and serving Guruvayoorappan; Suresh Gopi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates