
'ചിലരെ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിന്?'; മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
ചില പ്രതികളെ മാത്രം സംരക്ഷിക്കുന്ന ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി വൈകുന്നതിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. "ചില പ്രതികളെ മാത്രം പ്രോസിക്യൂഷനിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്? നിങ്ങൾക്ക് താത്പര്യമില്ലാത്ത ചിലർക്കെതിരെ മാത്രം നടപടിയെടുക്കുകയും മറ്റ് ചിലരെ സംരക്ഷിക്കുകയും ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണ്? എന്തുകൊണ്ടാണ് സർക്കാരിന് ഈ പക്ഷപാതപരമായ സമീപനം?" എന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. ഗുരുതരമായ സാമ്പത്തിക തിരിമറികളിൽ ഉൾപ്പെട്ട പ്രമുഖരെ സംരക്ഷിക്കാൻ സർക്കാർ മനഃപൂർവ്വം സമയം നീട്ടിക്കൊണ്ടുപോകുന്ന ഇത്തരം തന്ത്രങ്ങൾ കോടതിയിൽ അനുവദിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതിയായ വെള്ളാപ്പള്ളി നടേശനും പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടർമാർക്കും എതിരെ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിലെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടിയുള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതി ഭരണകൂടത്തിന്റെ ഒത്തുകളിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
കോടതി നിർദ്ദേശപ്രകാരം നേരിട്ട് ഹാജരായ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, കേസുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ വ്യാഴാഴ്ച വൈകുന്നേരം വരെ തനിക്ക് ലഭിച്ചിരുന്നില്ലെന്ന് കോടതിയെ അറിയിച്ചു. കോടതി ഉത്തരവിട്ടിട്ടും കഴിഞ്ഞ മാസം നൽകിയ നിർദ്ദേശം നടപ്പാക്കാതിരിക്കുകയും, ഉദ്യോഗസ്ഥ നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടതിന് പിന്നാലെ ഇന്നലെ മാത്രം ഫയലുകൾ മുന്നിലെത്തിക്കുകയും ചെയ്ത വിജിലൻസിന്റെ നടപടിയെ കോടതി അതിശക്തമായ ഭാഷയിൽ അപലപിച്ചു.
ഇത് കേവലം ആശയവിനിമയത്തിലുണ്ടായ വീഴ്ചയാണെന്ന വിജിലൻസ് പ്രോസിക്യൂട്ടറുടെ വിശദീകരണം കോടതി തള്ളി. ആർക്കും ഒരിക്കലോ അപൂർവ്വമായി രണ്ടുതവണയോ തെറ്റുകൾ പറ്റാമെന്നും എന്നാൽ സ്വാധീനമുള്ള പ്രതികൾ വരുമ്പോൾ തുടർച്ചയായി ഫയലുകൾ വൈകിക്കുന്നത് തെറ്റല്ലെന്നും, വ്യക്തമായ ദുരുദ്ദേശത്തോടെയുള്ള ആസൂത്രിത നീക്കമാണെന്നും കോടതി നിരീക്ഷിച്ചു. കോടതിയുടെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും സർക്കാരിന് ഇഷ്ടമുള്ളതുപോലെ എന്തും ചെയ്യാമെന്നും ആരും കരുതേണ്ടതില്ലെന്ന് ഓർമ്മിപ്പിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ, നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമായ ഇത്തരം നീക്കങ്ങളെ എങ്ങനെ നേരിടണമെന്ന് കോടതിക്ക് നന്നായി അറിയാമെന്നും മുന്നറിയിപ്പ് നൽകി.
അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഫയലുകൾ കൈമാറിയ സാഹചര്യത്തിൽ, വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർക്കെതിരായ പ്രോസിക്യൂഷൻ അനുമതിയുടെ കാര്യത്തിൽ സെപ്റ്റംബർ 18-നകം അന്തിമ തീരുമാനമെടുത്ത് അറിയിക്കാൻ ഹൈക്കോടതി അന്ത്യശാസനം നൽകി. അന്ന് ഉത്തരവ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ അഡീഷണൽ ചീഫ് സെക്രട്ടറി വീണ്ടും കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നൽകി.
കോടതി നിർദ്ദേശിച്ചതുകൊണ്ടാണ് തീരുമാനം എടുത്തത് എന്ന രീതിയിലുള്ള ഉത്തരവുകളല്ല വേണ്ടതെന്നും, ഉദ്യോഗസ്ഥ സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് നിയമപ്രകാരമുള്ള തീരുമാനമാണ് കൈക്കൊള്ളേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു. കേസ് കൂടുതൽ നടപടികൾക്കായി സെപ്റ്റംബർ 18-ലേക്ക് മാറ്റി.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Coming down heavily on the State Government over inordinate procedural delays in granting prosecution sanction in the sensational SNDP Microfinance Fraud case involving SNDP Yogam General Secretary Vellappally Natesan, the Kerala High Court on Friday questioned why the State was shielding certain influential accused while selectively pursuing others
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അമ്മ സംഘടനയ്ക്ക് സ്പെഷല്‍ കോടതി വേണ്ടി വരുമല്ലോ ! ; പരിഹസിച്ച് ഹൈക്കോടതി

ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി
