വീട്ടിലെ സൗജന്യ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കും: മന്ത്രി വീണാ ജോർജ്

വൃക്കരോഗ വിദഗ്ദ്ധനാണ് ഒരു രോഗിക്ക് ഹീമോഡയാലിസിസ് വേണമോ പെരിറ്റോണിയൽ ഡയാലിസിസ് വേണമോ എന്ന് നിശ്ചയിക്കുന്നത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:57 am IST

തിരുവനന്തപുരം: ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽത്തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്. 92 ആശുപത്രികളിലായി പ്രതിമാസം 40,000ത്തോളം രോഗികൾക്കാണ് ഈ കേന്ദ്രങ്ങളിലൂടെ ഹീമോ ഡയാലിസിസ് നൽകി വരുന്നു. 

ഇതുകൂടാതെ 10 മെഡിക്കൽ കോളേജുകൾ മുഖേന 10,000ത്തോളം ഡയാലിസിസുകളും നടത്തുന്നുണ്ട്. ഹീമോ ഡയാലിസിസ് ചെലവേറിയതും ആശുപത്രികളിൽ മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു പ്രക്രിയയാണ്. ഇടവിട്ടുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് പെരിറ്റോണിയൽ ഡയാലിസിസ്?

രണ്ട് തരം ഡയാലിസിസുകളാണുള്ളത്. ഹീമോ ഡയാലിസിസും പെരിറ്റോണിയൽ ഡയാലിസിസും. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തി വിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. എന്നാൽ പെരിറ്റോണിയൽ ഡയാലിസിസ് രോഗിയുടെ ഉദരത്തിൽ ഒരു സുഷിരമുണ്ടാക്കി അതിലൂടെ ഒരു കത്തീറ്റർ കടത്തി വിടുകയും ഉദരത്തിനുള്ളിൽ (പെരിറ്റോണിയം) പെരിറ്റോണിയൽ ഡയാലിസിസ് ദ്രാവകം നിറക്കുകയുമാണ് ചെയ്യുന്നത്. ഒരിക്കൽ കത്തീറ്റർ പ്രവേശിപ്പിച്ച് കഴിഞ്ഞാൽ പിന്നീട് രോഗിക്ക് വീട്ടിൽ വെച്ചുന്നെ തന്നെ ഡയാലിസിസ് ദ്രാവകം ഈ കത്തീറ്ററിലൂടെ പെരിറ്റോണിയത്തിൽ നിറയ്ക്കാൻ സാധിക്കുന്നതാണ്. നിശ്ചിതസമയത്തിന് ശേഷം വൃക്കകളിലെ മാലിന്യങ്ങൾ ഈ പെരിറ്റോണിയൽ ദ്രാവകത്തിലേക്ക് വലിച്ചെടുക്കപ്പടുകയും ആ ദ്രാവകം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്യുന്നു.

ഏകദേശം ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ഈ പ്രക്രിയ രോഗിയുടെ അസുഖത്തിന്റെ കാഠിന്യമനുസരിച്ച് ഡോക്ടറുടെ നിർദേശ പ്രകാരം ദിവസം രണ്ടോ മൂന്നോ തവണ ആവർത്തിക്കേണ്ടി വരും. ഇതിലൂടെ ഹീമോഡയാലിസിസിൽ നിന്ന് ലഭിക്കുന്ന അതേ പ്രയോജനം തന്നെ രോഗിക്ക് ലഭിക്കുന്നു. ചികിത്സിക്കുന്ന വൃക്കരോഗ വിദഗ്ദ്ധനാണ് ഒരു രോഗിക്ക് ഹീമോഡയാലിസിസ് വേണമോ പെരിറ്റോണിയൽ ഡയാലിസിസ് വേണമോ എന്ന് നിശ്ചയിക്കുന്നത്.

സൗജന്യമായി നൽകുന്നു

പെരിറ്റോണിയൽ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്ളൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ ആശുപത്രികളിൽ നിന്നും സൗജന്യമായി നൽകുന്നു. നെഫ്രോളജിസ്റ്റുകൾ ഉള്ള ആശുപത്രികളിൽ കത്തീറ്റർ നിക്ഷേപിപ്പിക്കുന്നതും പെരിറ്റോണിയൽ ഡയാലിസിസ് ആരംഭിക്കുന്നതും അതാത് ആശുപത്രികളിൽ തന്നെയായിരിക്കും. നെഫ്രോളജിസ്റ്റുകൾ ഇല്ലാത്ത ജില്ലാ ആശുപത്രികളിൽ അടുത്തുള്ള മെഡിക്കൽ കോളേജുകളിൽ കത്തീറ്റർ നിക്ഷേപിച്ച ശേഷം തുടർ ചികിത്സയാണ് ജില്ലാ ആശുപത്രികളിൽ നൽകി വരുക. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആരോഗ്യവകുപ്പ് പരിശീലനം നൽകുന്നതാണ്. ഒരിക്കൽ കത്തീറ്റർ നിക്ഷേപിച്ച് കഴിഞ്ഞാൽ രോഗിക്ക് പിന്നീട് ആശുപത്രിയിൽ വരാതെ തന്നെ വീട്ടിൽ വച്ച് പെരിറ്റോണിയൽ ഡയാലിസിസ് നടത്താവുന്നതാണ്.

എവിടെയെല്ലാം സേവനം ലഭിക്കും

തിരുവനന്തപുരം ജനറൽ ആശുപത്രി (ഡോ. ലിജി. ആർ), കൊല്ലം ജില്ലാ ആശുപത്രി (ഡോ. സൗമ്യ), ആലപ്പുഴ ജനറൽ ആശുപത്രി (ഡോ. ഷബീർ), എറണാകുളം ജനറൽ ആശുപത്രി (ഡോ. സന്ദീപ് ഷേണായി), തൃശൂർ ജനറൽ ആശുപത്രി (ഡോ. രമ്യ), പാലക്കാട് ജില്ലാ ആശുപത്രി (ഡോ. കൃഷ്ണദാസ്), മലപ്പുറം തിരൂർ ജില്ലാ ആശുപത്രി (ഡോ. അബ്ദുള്ള), കോഴിക്കോട് ജനറൽ ആശുപത്രി (ഡോ. ഷാനു പിഎം), വയനാട് ജില്ലാ ആശുപത്രി മാനന്തവാടി (ഡോ. സോണി), കണ്ണൂർ ജില്ലാ ആശുപത്രി (ഡോ. റോഹിത് രാജ്), കാസർഗോഡ് ജനറൽ ആശുപത്രി (ഡോ. കുഞ്ഞിരാമൻ) (ഉടൻ പ്രവർത്തന സജ്ജമാകും).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now