'ഭാര്യാപിതാവിനെ പറ്റി പറഞ്ഞുകാണും, അതിന് എസ്‌സി, എസ്ടി നിയമത്തില്‍ കേസെടുക്കാന്‍ പറ്റില്ല'; ഷാജന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

പി വി ശ്രീനിജന്‍ എംഎല്‍എയെ കുറിച്ച് നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിന് എതിരായ കേസില്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീംകോടതി

ഷാജന്‍ സ്‌കറിയ
Last Updated :20 January 2024, 9:22 am IST

ന്യൂഡല്‍ഹി: പി വി ശ്രീനിജന്‍ എംഎല്‍എയെ കുറിച്ച് നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിന് എതിരായ കേസില്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ വിധിച്ചത്. ഷാജന്റെ പരാമര്‍ശം എസ്‌സി/എസ്ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള പരാമര്‍ശമല്ലെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിന് എതിരെയാണ് ഷാജന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഷാജന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. അതുവരെ ഷാജനെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

'അദ്ദേഹത്തിന്റെ പ്രസ്താവന അപകീര്‍ത്തികരമായിരിക്കാം.  പരാതിക്കാരന്റെ ഭാര്യാപിതാവിനെയോ ജുഡീഷ്യറിയേയോ അദ്ദേഹം എന്തെങ്കിലും പറഞ്ഞിരിക്കാം. എന്നാല്‍ അത് എസ്‌സി, എസ്ടി നിയമപ്രകാരമുള്ള കുറ്റമല്ല'- ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. 

ഷാജന്‍ സ്‌കറിയ ചെയ്ത അപകീര്‍ത്തി വീഡിയോയുടെ പരിഭാഷ പരിശോധിക്കണമെന്ന് ശ്രീനിജന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി ഗിരി ബെഞ്ചിനോട് ആവശ്യപ്പെട്ടു. ഷാജന്‍ സ്ഥിരമായി അപവാദ പ്രചാരണങ്ങള്‍ നടത്തുന്നയാളാണെന്നും അദ്ദേഹം വാദിച്ചു. 

'അതുകൊണ്ട് നിങ്ങള്‍ക്ക് അദ്ദേഹത്തെ ഒരു പഠം പഠിപ്പിക്കണം അല്ലേ? ' എന്നായിരുന്നു ഇതിന് മറുപടിയായി, ചീഫ് ജസ്റ്റിസിന്റെ ചോദ്യം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഷാജന്‍ സ്‌കറിയയോട് ഉപദേശിക്കണമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now