മാലിന്യ ലോറി വൈകിയത് തുണയായി, തിരിച്ചു കിട്ടിയത് ഏഴ് പവന്‍ സ്വര്‍ണം

ഇത്തവണ തൊഴിലാളി പ്രശ്‌നത്തെ തുടര്‍ന്ന് കണ്ടെയിനര്‍ വരാന്‍ വൈകിയതിനാല്‍ സ്വര്‍ണമടക്കമുള്ള മാലിന്യക്കെട്ട് ഗോഡൗണില്‍ തന്നെ കിടന്നു.

gold
goldAI image
Edited by :ആതിര അഗസ്റ്റിന്‍
Last Updated :24 ജൂൺ 2026, 2:13 pm IST

കോഴിക്കോട്: മാലിന്യലോറി വരാന്‍ വൈകിയതിനെ തുടര്‍ന്ന് മീഞ്ചന്ത വട്ടക്കിണര്‍ സ്വദേശിക്ക് തിരിച്ചുകിട്ടിയത് ഏഴു പവന്‍ സ്വര്‍ണാഭരണം. ഒരു മാസം മുമ്പ് ഹരിതകര്‍മ സേനക്ക് നല്‍കിയ പഴന്തുണിക്കെട്ടില്‍പെട്ടുപോയ ആഭരണങ്ങളാണ് കഴിഞ്ഞ ദിവസം ഗോഡൗണില്‍ നടത്തിയ മാരത്തോണ്‍ തിരച്ചിലില്‍ തിരിച്ചുകിട്ടിയത്. വട്ടക്കിണര്‍ വൈഎംആര്‍സി സരോവരം റെസിഡന്‍സിയില്‍ താമസിക്കുന്ന ശൈക്കാസ് ഹൗസില്‍ അബ്ദുല്‍ സലാം പഴയ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ചുവെച്ചതായിരുന്നു ആഭരണങ്ങള്‍. ഇതറിയാതെ ഭാര്യ ഈ തുണിക്കെട്ടുകള്‍ ഹരിതകര്‍മ സേനക്ക് കൈമാറി.

നെല്ലിക്കോടുള്ള കോഴിക്കോട് കോര്‍പറേഷന്റെ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റിയില്‍ സൂക്ഷിച്ചതായിരുന്നു മാലിന്യം. മേയ് 16നായിരുന്നു സംഭവം. തമിഴ്‌നാട്, മൈസൂരു എന്നിവിടങ്ങളിലേക്കാണ് ഇവ കൊണ്ടുപോകുന്നത്. സാധാരണ ഗോഡൗണില്‍ നിന്ന് ആഴ്ചയില്‍ ലോഡ് കണ്ടെയിനറില്‍ കൊണ്ടുപോകലാണ് പതിവ്. ഇത്തവണ തൊഴിലാളി പ്രശ്‌നത്തെ തുടര്‍ന്ന് കണ്ടെയിനര്‍ വരാന്‍ വൈകിയതിനാല്‍ സ്വര്‍ണമടക്കമുള്ള മാലിന്യക്കെട്ട് ഗോഡൗണില്‍ തന്നെ കിടന്നു.

ലോറി വൈകിയതാണ് അബ്ദുല്‍ സലാമിന് ഭാഗ്യമായത്. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണാഭരണം കാണാതായതിനെ തുടര്‍ന്ന് ഹരിതകര്‍മസേനക്ക് വിളിയെത്തിയത്. ഹരിത കര്‍മസേനാംഗങ്ങളായ ഇബ്രാഹീം, ബാബു എന്നിവരടങ്ങുന്ന സംഘത്തെ വിളിച്ച് അബ്ദുല്‍ സലാം കാര്യം പറഞ്ഞു. തൊഴിലാളികള്‍ ഉടന്‍തന്നെ ഗോഡൗണിലെത്തി ചാക്കുകള്‍ തുറന്ന് പരിശോധിച്ചു. അന്ന് കണ്ടെത്താനായില്ല. പിറ്റേന്നും മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍. അബ്ദുല്‍ സലാമും കുടുംബവും തിരയാന്‍ കൂടി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുകയായിരുന്നു.

News Now

Summary

The delay in the garbage truck helped, and seven pavan gold were recovered

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics