'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക, തെങ്ങിന് ചിരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ തര്‍ക്കം കണ്ട് ചിരിച്ചേനെ'; ഹര്‍ജിക്കാരനോട് ഹൈക്കോടതി

'ഒരു ചായ കുടിച്ച് സംസാരിച്ച് തീര്‍ക്കേണ്ട കാര്യമാണിത്'.

The High Court advised the petitioner in the dispute over the coconut tree case
The High Court advised the petitioner in the dispute over the coconut tree caseAI Image
Edited by :ആതിര അഗസ്റ്റിന്‍
Last Updated :23 ജൂൺ 2026, 10:27 am IST

കൊച്ചി: അയല്‍പക്കത്തെ പറമ്പിലെ തെങ്ങിന്റെ പേരില്‍ വഴക്കടിച്ച ആളുകളോട് ബൈബിള്‍ വചനം ഉപദേശമായി നല്‍കി ഹൈക്കോടതി. 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന ബൈബിള്‍ വചനം ഓര്‍മിപ്പിക്കുകയായിരുന്നു കോടതി. ആപത്തുവരുമ്പോള്‍ സഹായത്തിന് അയല്‍വാസിയേ ഉണ്ടാകൂ എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഹര്‍ജി തീര്‍പ്പാക്കുന്നതിനിടെ ഉപദേശിച്ചു.

ഒരു ചായ കുടിച്ച് സംസാരിച്ച് തീര്‍ക്കേണ്ട കാര്യമാണിത്. കോടതിയുടെ സമയം പാഴാക്കിയതിന് ഹര്‍ജിക്കാരന് പിഴ ചുമത്തേണ്ടതാണ്. എങ്കിലും കേസിലെ കക്ഷികള്‍ കാണിക്കുന്നതുപോലുള്ള കടുത്ത നിലപാടുകള്‍ക്ക് പോകുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു.

അയല്‍വാസിയുടെ തെങ്ങ് വീടിനു ഭീഷണിയാണെന്നാരോപിച്ച് നെടുമങ്ങാട് സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കരകുളം ഗ്രാമപഞ്ചായത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എതിര്‍കക്ഷി തെങ്ങ് കമ്പിവടം കൊണ്ട് വലിച്ചുകെട്ടുകയും തേങ്ങ ശേഖരിക്കാന്‍ തലപ്പത്ത് വലയിടുകയും ചെയ്തു. എന്നിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. തൃപ്തനാകാത്ത ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചതിനുള്ള പ്രതിഫലമായ ഒരു ലക്ഷം രൂപ വഹിക്കാനും ഹര്‍ജിക്കാരന്‍ തയ്യാറായി. തെങ്ങിന് ബലക്ഷയമില്ലെന്നും തേങ്ങ പതിക്കാതിരിക്കാന്‍ മുന്‍കരുതലുണ്ടെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി.

തെങ്ങിന് ചിരിക്കാന്‍ കഴിവുണ്ടെങ്കില്‍ ഈ തര്‍ക്കം കണ്ട് ചിരിച്ചേനെ എന്നും സ്വയം നിലംപതിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ തെങ്ങ് അങ്ങനെ ചെയ്ത് വഴക്ക് ഒഴിവാക്കിയേനെയെന്നും കോടതി പറഞ്ഞു. തെങ്ങ് നിലവില്‍ അപകടകരമല്ലെന്ന് വിലയിരുത്തിയ കോടതി, കൂടുതല്‍ നടപടികള്‍ ആവശ്യമില്ലെന്നു വ്യക്തമാക്കിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

News Now

Summary

The High Court advised the petitioner in the dispute over the coconut tree case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates