നെഹ്‌റുവിയന്‍ സോഷ്യലിസത്തിലൂന്നി കൊടുങ്കാറ്റുപോലെ യുഡിഎഫ് തിരിച്ചുവരും; ഒരു സമുദായസംഘടയ്ക്കും കീഴ്‌പ്പെടില്ല: വി ഡി സതീശന്‍

ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണില്‍ വര്‍ഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യുഡിഎഫിന്റെ പ്രഥമ പരിഗണന

വി ഡി സതീശന്‍/ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 8:44 am IST

തിരുവനന്തപുരം: ഒരു സമുദായ സംഘടനയ്ക്കും കീഴ്‌പ്പെടാതെ നെഹ്‌റുവിയന്‍ സോഷ്യലിസത്തില്‍ അധിഷ്ഠിതമായ കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ ഊന്നിയ തിരിച്ചു വരവിനുള്ള പ്രവര്‍ത്തനമാവും നടത്തുകയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം സതീശന്‍ പറഞ്ഞിരിക്കുന്നത്. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരു പോലെ എതിര്‍ത്തു തോല്‍പ്പിക്കുന്ന പോരാട്ടമാവണം യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേതണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'പാര്‍ട്ടി എന്നെ ഏല്പിച്ച ഈ ദൗത്യം ഏറ്റവും ഉത്തരവാദിത്വ ബോധത്തോടെ ഏറ്റെടുക്കുന്നു. ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞത് പോലെ പുഷ്പകിരീടം ആണെന്ന മിഥ്യാധാരണയില്‍ അല്ല ഈ പദവി ഏറ്റെടുക്കുന്നത്. എന്നെ ഇതിനായി തിരഞ്ഞെടുത്ത കോണ്‍ഗ്രസ് ഹൈക്കമാന്റിനോടും കേരളത്തിലെ മുതിര്‍ന്ന നേതാക്കന്മാരോടുമുള്ള നന്ദി ഞാന്‍ അറിയിക്കട്ടെ. പുതിയ തലമുറയെയും പുതിയ രാഷ്ട്രീയത്തെയും അഡ്രസ് ചെയ്യുന്ന ഒരു പ്രതിപക്ഷ പ്രവര്‍ത്തനമാണ് ഇന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.  കാലാനുസൃതമായ മാറ്റം എല്ലാ രംഗത്തും ഉണ്ടാകണം.എല്ലാ ഘടകക്ഷികളെയും ജനവിഭാഗങ്ങളെയും ഒരുമിച്ചു ചേര്‍ത്ത് ഈ പ്രവര്‍ത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോകും. അവരുടെ ആഗ്രഹത്തോടൊപ്പം നിന്നു ക്രിയാത്മകമായ ഒരു പ്രതിപക്ഷമായി നിയമസഭയിലും പുറത്തും പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു നല്‍കുന്നു.'-,തീശന്‍ കുറിപ്പില്‍ പറഞ്ഞു. 


'സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആണ് കേരളത്തിന്റെ പൊതുബോധം. ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണില്‍ വര്‍ഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യുഡിഎഫിന്റെ പ്രഥമ പരിഗണന. ഞാന്‍ എന്നും പറഞ്ഞിട്ടുള്ളത് പോലെ വര്‍ഗീയതയോടു സന്ധിയില്ലാത്ത സമരം ആണ് എന്റെ രാഷ്ട്രീയം. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരു പോലെ എതിര്‍ത്തു തോല്‍പ്പിക്കുന്ന പോരാട്ടം ആവണം നമ്മള്‍ നടത്തേണ്ടത്. ഒരു സമുദായ സംഘടനയ്ക്കും കീഴ്‌പ്പെടാതെ നെഹ്രുവിയന്‍ സോഷ്യലിസത്തില്‍ അധിഷ്ഠിതമായ കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ ഊന്നി ഒരു തിരിച്ചു വരവിനുള്ള പ്രവര്‍ത്തനമാവും നമ്മള്‍ മുന്നോട്ടു കൊണ്ടുപോവുക.  ഓരോ യുഡിഎഫ് പ്രവര്‍ത്തകനും ഈ പോരാട്ടത്തിന് തയ്യാറെടുക്കണം. ഒരു സംശയവും വേണ്ട നമ്മള്‍ ഒരു കൊടുങ്കാറ്റു പോലെ തിരിച്ചു വരും. എല്ലാവരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടാവണം എന്ന് പ്രാര്‍ത്ഥിക്കുന്നു.'- അദ്ദേഹം കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now