'സൗന്ദര്യം പോരാ'; ഭക്ഷണം നൽകാതെ പീഡനം; യുവതി തൂങ്ങിമരിച്ചു; ഭർത്താവ് അറസ്റ്റിൽ

ഭർത്താവിന്റെ വീടായ അരൂർ നാലാം വാർഡ് കാക്കപ്പറമ്പിൽ വീട്ടിലാണ് നീതുമോളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

നീതുമോൾ
Last Updated :20 January 2024, 9:21 am IST

അരൂർ: ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ് പുത്തൻപുരക്കൽ ലതിക ഉദയന്റെ മകൾ നീതുമോൾ (33) ആണ് മരിച്ചത്. സംഭവത്തിൽ നീതുവിന്റെ ഭർത്താവ് കെ എസ് ഉണ്ണിയെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തു. 

ഭർത്താവിന്റെ വീടായ അരൂർ നാലാം വാർഡ് കാക്കപ്പറമ്പിൽ വീട്ടിലാണ് നീതുമോളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2011-ലായിരുന്നു നീതുവും ഉണ്ണിയും തമ്മിലുള്ള വിവാഹം. അന്നുമുതൽ സൗന്ദര്യം പോരാ എന്നുപറഞ്ഞ് നീതുവിനെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് യുവതിയുടെ വീട്ടുകാർ വ്യക്തമാക്കി. 

പീഡനം അസഹ്യമായതിനെത്തുടർന്ന് പലവട്ടം നീതു  സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തുടർന്ന് വഴക്കുകൾ പറഞ്ഞുതീർത്ത് ഉണ്ണി നീതുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു പതിവ്. കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം നൽകാതെയും കുട്ടികൾക്ക് സ്‌കൂളിൽ പോകാനുള്ള സാമഗ്രികൾ വാങ്ങി നൽകാതെയും ഉണ്ണി നീതുവിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. 

നീതുവിനും ഉണ്ണിക്കും അഭിനവ് കൃഷ്ണ, ആഗിഷ് കൃഷ്ണ, അവന്തിക കൃഷ്ണ എന്നീ മൂന്നുമക്കളുണ്ട്. നീതുമോളുടെ അമ്മയുടെ പരാതിയിലാണ് ഭർത്താവ് ഉണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now