ബെവ്കോ സൂപ്പർ മാർക്കറ്റിൽ യുവാവിന്റെ വിളയാട്ടം; മ​ദ്യക്കുപ്പികൾ എറിഞ്ഞുടച്ചു; വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി; പിടിയിൽ

ബെവ്കോ സൂപ്പർ മാർക്കറ്റിൽ യുവാവിന്റെ വിളയാട്ടം; മ​ദ്യക്കുപ്പികൾ എറിഞ്ഞുടച്ചു; വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി; പിടിയിൽ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

തൃശൂർ: ബെവ്കോ സൂപ്പർ മാർക്കറ്റിൽ കയറി യുവാവിന്റെ വിളയാട്ടം. മദ്യക്കുപ്പികൾ നിലത്തടിച്ചു തകർത്തും കുപ്പിച്ച‍ില്ലുകാട്ടി വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. യുവാവിനെ പൊലീസ് പിടികൂടി. പുതൂർക്കര തൊയകാവിൽ അക്ഷയ് (24) ആണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. 

മുപ്പതിലേറെ വിദേശമദ്യ – ബിയർ കുപ്പികൾ ഇയാൾ എറിഞ്ഞുടച്ചു. 20,000 രൂപയുടെ നഷ്ടമുണ്ടായെന്നാണു ബവ്കോ അധികൃതരുടെ കണക്ക്. ബിയർ കുപ്പികളുടെ മൂടി തുറന്നു സൂപ്പർ മാർക്കറ്റിനുള്ളിൽ നിന്നു യുവാവ് മദ്യപിക്കുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

അയ്യന്തോൾ പഞ്ചിക്കലിലെ സൂപ്പർ മാർക്കറ്റിൽ ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ ആണു സംഭവം. മദ്യം വാങ്ങാനെത്തിയ യുവാവ് കൗണ്ടറിലിരുന്ന വനിതാ ജീവനക്കാരിക്കു നേരെ പ്രകോപനപരമായി സംസാരിച്ചതിൽ നിന്നാണു തുടക്കമെന്നു ജീവനക്കാർ പറയുന്നു. നാല് വനിതാ ജീവനക്കാരും രണ്ട് പുരുഷ ജീവനക്കാരുമാണു ഉണ്ടായിരുന്നത്.

ഇവർക്കു നേരെ ഭീഷണി മുഴക്കിക്കൊണ്ടു യുവാവ് സൂപ്പർ മാർക്കറ്റിനുള്ളിലൂടെ തലങ്ങും വിലങ്ങും നടന്നു മദ്യക്കുപ്പികൾ അടിച്ചു തകർക്കുകയായിരുന്നു. ചോദ്യം ചെയ്ത വനിതാ ജീവനക്കാരിയെ ഉന്തുകയും കുപ്പിച്ചില്ല് ഉയർത്തി വധഭീഷണി മുഴക്കുകയും ചെയ്തു. ബിയർ തുറന്ന് പരസ്യമായി മദ്യപിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now