ആദ്യഘട്ടത്തിലെ കരുതല്‍ ഓണാഘോഷത്തിലും ഇതിന് ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും കൈവിട്ടു

കോവിഡ് പരിശോധന / ഫയല്‍ ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

തിരുവനന്തപുരം : രാജ്യത്ത് തന്നെ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു. തൃശൂരിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയ്ക്കാണ് ആദ്യമായി കൊറോണ കണ്ടെത്തിയത്. ആ സമയത്ത്  ചൈനയില്‍ പടര്‍ന്നു പിടിച്ച മാരക വൈറസിനേക്കുറിച്ച് കേട്ടു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുളളു. 

പിന്നാലെ ചൈനയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ഥികളില്‍ കൂടി രോഗം കണ്ടെത്തി. എന്നാൽ ആ ഘട്ടത്തിൽ മറ്റുള്ളവരിലേക്ക് പടരാതെ നോക്കാൻ ആരോ​ഗ്യ വകുപ്പിന് കഴിഞ്ഞു. മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിക്കുമ്പോള്‍ കോവിഡായി പേരുമാറി ലോകം മുഴുവന്‍ താണ്ഡവം തുടങ്ങിയിരുന്നു. പ്രവാസികള്‍ക്ക് വീട്ടില്‍ ക്വാറന്റീന്‍, രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കല്‍ തുടങ്ങിയവയിലൂടെ കേരളം ഈ ഘട്ടത്തിൽ ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റി.

ജൂലൈ 18ന് രാജ്യത്ത് തന്നെ ആദ്യമായി പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം ആദ്യ അഞ്ഞൂറിലെത്താന്‍ മൂന്നു മാസമെടുത്തെങ്കില്‍ പിന്നീടുളള ഒന്‍പത് മാസംകൊണ്ട് കോവിഡ് ബാധിതര്‍ ഒന്‍പത് ലക്ഷം കടന്നു. പിന്നീട് കൃത്യമായ ഇടപെടലുകളിലൂടെ കോവിഡിനെ വരുതിയിലാക്കാൻ ആരോ​ഗ്യവകുപ്പിന് കഴിഞ്ഞു. 

ആദ്യഘട്ടത്തിലെ കരുതല്‍ ഓണാഘോഷത്തിലും ഇതിന് ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും കൈവിട്ടു. ഇപ്പോൾ കോവിഡ് വ്യാപനത്തിൽ രാജ്യത്ത് തന്നെ ഒന്നാമതാണ് കേരളം. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയിലേറെയും സംസ്ഥാനത്താണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ചികിത്സയിലുള്ള 10 ജില്ലകളില്‍ ഏഴും കേരളത്തിലാണ്. കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യത്തെ രണ്ടാമത്തെ ജില്ല എറണാകുളമാണ്. തൊട്ടുപിന്നില്‍ കോഴിക്കോടുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates