
വയോധികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്; പൊലീസ് മൊഴിയെടുത്ത കൊച്ചുമകനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സുല്‍ത്താന്‍ ബത്തേരി: വടക്കനാട് പള്ളിവയല്‍ ഉന്നതിയിലെ ആദിവാസി വയോധിക തങ്കിയെ കാണാതായ സംഭവത്തില്‍ പൊലീസ് മൊഴിയെടുത്ത കൊച്ചുമകന് സുധീഷിനെ (27) വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിവയല്‍ സ്വദേശി രാജന്റെ മകനായ സുധീഷിന്റെ മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് ഉന്നതിയില്‍നിന്ന് 400 മീറ്ററോളം അകലെയുള്ള കോലിച്ചിപ്പാറ വനത്തില്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ജൂലൈ 30 മുതലാണ് തങ്കിയെ കാണാതായത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന തങ്കി സമീപത്തെ വീടുകളില്‍ ചെറിയ ജോലികള്‍ ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. ആഗസ്റ്റ് എട്ടിന് പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് പൊലീസ് നായയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലും തങ്കിയെ കണ്ടെത്താനായില്ല.
പള്ളിവയല്‍ ഉന്നതിയിലെ സ്വന്തം വീട്ടിലും തങ്കിയുടെ വീട്ടിലുമായി സുധീഷ് താമസിക്കാറുണ്ടായിരുന്നു. തങ്കിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സുധീഷിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഉന്നതിക്ക് സമീപം വെല്‍ഡിങ് ജോലിക്ക് പോയ സുധീഷിനെ പൊലീസ് ചോദ്യം ചെയ്ത് മൊഴിയെടുത്ത ശേഷം വിട്ടയച്ചതായാണ് വിവരം. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഇയാളെ കാണാതായിരുന്നുവെന്നാണ് വിവരം.
ശനിയാഴ്ച പൊലീസ് ഉന്നതിയിലെത്തിയപ്പോഴാണ് സുധീഷിനെയും കാണാനില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടത്. ഇയാളെ കാണാതായതായി പരാതി നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് ഞായറാഴ്ച വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തങ്കിയുടെ തിരോധാനവും സുധീഷിന്റെ മരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് സുല്‍ത്താന്‍ ബത്തേരി പൊലീസ് അറിയിച്ചു.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Turning point in missing elderly woman's case; grandson found hanging in forest
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




