'കേള്‍ക്കുന്നത് വെടിയൊച്ചകള്‍, പുറത്തേക്ക് നോക്കാന്‍ പോലും ഭയം'; അനുഭവം പറഞ്ഞ് യുക്രൈനിലെ മലയാളി ഡോക്ടര്‍

'ഭക്ഷണകാര്യത്തില്‍ പ്രതിസന്ധി ഇല്ലെങ്കിലും ദിവസങ്ങള്‍ കഴിയുമ്പോള്‍ വഷളാകാം. നഗരത്തിലെ ഭക്ഷണശാലകള്‍ക്കെല്ലാം പൂട്ടുവീണിട്ടുണ്ട്'

യുപിആര്‍ മേനോന്‍
Last Updated :20 January 2024, 8:58 am IST
Edited by :migrator

കൊച്ചി; വീടിന് പുറത്ത് പൊട്ടിത്തെറിയുടേയും വെടിയൊച്ചയുടേയും ശബ്ദം മാത്രമാണ് കേട്ടത്. ജനാലവഴി പുറത്തേക്കു നോക്കാന്‍ പോലും ഭയന്നാണ് വീട്ടിലിരിക്കുന്നത്. ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിക്കാത്ത സ്ഥിതി- യുക്രൈന്റെ തലസ്ഥാനമായ കീവിലെ വീട്ടിലിരുന്നുകൊണ്ട് റഷ്യന്‍ ആക്രമണത്തെക്കുറിച്ച് പറയുകയാണ് മലയാളി ഡോക്ടര്‍ യുപിആര്‍ മേനോന്‍. 

30 വര്‍ഷമായി യുക്രൈനില്‍

കൊച്ചി ഇടപ്പള്ളി സ്വദേശിയായ അദ്ദേഹം കഴിഞ്ഞ 30 വര്‍ഷമായി യുക്രൈനില്‍ സ്ഥ്വിരതാമസമാണ്. ജനങ്ങള്‍ ആശങ്കയിലാണെങ്കിലും അവര്‍ പരിശീലനം നേടിയവരാണ് എന്നാണ് അദ്ദേഹം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നത്. 'എല്ലാ സ്ഥാപനത്തിലും ബങ്കറുകള്‍ നിര്‍ബന്ധമാണ്. ബോംബാക്രമണത്തില്‍ നിന്നും ഷെല്‍ ആക്രമണത്തില്‍ നിന്നും ഇത് സംരക്ഷിക്കും. പരിഭ്രാന്തരാകാതെ വീട്ടിലിരിക്കാനാണ് കീവ് മേയര്‍ പറഞ്ഞിരിക്കുന്നത്. ലോക നേതാക്കള്‍ ഇടപെട്ട് സമാധാനം പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'- യുപിആര്‍ മേനോന്‍ പറഞ്ഞു. 

മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ശേഷം കുറച്ച് നാള്‍ ഇന്ത്യയില്‍ ജോലി ചെയ്തതിന് ശേഷമാണ് 1980 കളില്‍ മേനോന്‍ യുക്രൈനിലേക്ക് വരുന്നത്. 1987ല്‍ യുക്രൈന്‍ സ്വദേശിയെ വിവാഹം കഴിച്ചതോടെ അവിടെ സ്ഥിരതാമസമാക്കി. യുക്രൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണ്‍സല്‍ട്ടന്റും രാജ്യത്തെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ തലവനുമാണ്. ഭാര്യ നതാലിയ മേനോനും മകന്‍ രാജീവ് മേനോനുമൊപ്പമാണ് അദ്ദേഹം താമസിക്കുന്നത്. 

നഗരത്തിലെ ഭക്ഷണശാലകള്‍ക്കെല്ലാം പൂട്ടി

നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടെന്നും അവര്‍ വളരെ ആശങ്കയിലാണെന്നും മേനോന്‍ പറഞ്ഞു. വിവിധ സര്‍വകലാശാലകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണ്. മരണഭീതിയില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ഡോക്ടര്‍ അഭ്യര്‍ത്ഥിച്ചു. എന്തിനും തയാറായി ഇരിക്കാനാണ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഭക്ഷണകാര്യത്തില്‍ പ്രതിസന്ധി ഇല്ലെങ്കിലും ദിവസങ്ങള്‍ കഴിയുമ്പോള്‍ വഷളാകാം. നഗരത്തിലെ ഭക്ഷണശാലകള്‍ക്കെല്ലാം പൂട്ടുവീണിട്ടുണ്ട്. പട്ടാള നിയമം നിലവില്‍ വന്നതിനാല്‍ നിയന്ത്രണങ്ങളും ശക്തമാണ്. ജോലിക്ക് പോകാമെങ്കിലും രാജ്യം വിട്ട് പോകാനാവില്ല. തിരിച്ചറിയല്‍ കാര്‍ഡും മറ്റ് പ്രധാന രേഖകളും എവിടെ പോയാലും കയ്യില്‍ കരുതണം. പട്ടാള നിയമം പ്രഖ്യാപിച്ചതോടെ രാജ്യത്തെ ഒരു വിവരവും അറിയാന്‍ സാധിക്കുന്നില്ല.- പിആര്‍യു മേനോന്‍ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now