ഗവര്‍ണറെ ഒതുക്കാന്‍ സര്‍ക്കാര്‍;  സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ഇന്നു നിയമസഭയില്‍

കമ്മിറ്റിയില്‍ പുതുതായി ചേര്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആകും ഇനി കണ്‍വീനര്‍

മുഖ്യമന്ത്രിയും ഗവര്‍ണറും/ ഫയല്‍
Last Updated :20 January 2024, 9:05 am IST


തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ ആയ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ഇന്നു നിയമസഭയില്‍ അവതരിപ്പിക്കും. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ അംഗബലം അഞ്ചാക്കി ഉയര്‍ത്തുന്നതാണ് നിയമഭേദഗതി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും സര്‍ക്കാര്‍ പ്രതിനിധിയും കൂടി സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാകും.

നിലവില്‍ ഗവര്‍ണറുടേയും യുജിസിയുടെയും സര്‍വകലാശാലയുടെയും നോമിനികള്‍ ആണ് കമ്മിറ്റിയില്‍ ഉള്ളത്. കമ്മിറ്റിയില്‍ പുതുതായി ചേര്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആകും ഇനി കണ്‍വീനര്‍. ഒപ്പം സര്‍ക്കാരിന്റെ പ്രതിനിധി കൂടി ഉണ്ടാകുന്നതോടെ കമ്മിറ്റിയില്‍ സര്‍ക്കാരിന് മേല്‍ക്കൈ നേടാനാകും.

ഇതുവഴി സര്‍ക്കാരിന് ഇഷ്ടമുള്ള ആളെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി നിയമിക്കാനുള്ള സാഹചര്യം ഒരുങ്ങും. കണ്ണൂര്‍ വിസി നിയമനം, സര്‍വകലാശാലകളുടെ പ്രവര്‍ത്തനം തുടങ്ങിയവയില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് സര്‍വകലാശാല നിയമഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കുന്നത്.

സര്‍വകലാശാലകളിലെ ബന്ധുനിയമനങ്ങളെല്ലാം അന്വേഷിക്കുമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുള്ളത്. സര്‍വകലാശാല നിയമഭേദഗതിയെ എതിര്‍ക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇഷ്ടക്കാരെ നിയമിക്കുന്നതിന് വേണ്ടിയാണ് ഭേദഗതി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നിയമസഭ പാസ്സാക്കിയാലും ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നാല്‍ വീണ്ടും സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കടുത്തേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now