'മാഫിയാസംഘത്തിന്റെ കയ്യില്‍ നിന്നും സിപിഎമ്മിനെ രക്ഷിക്കണം'; പയ്യന്നൂരില്‍ മത്സരിക്കുമെന്ന് വി കുഞ്ഞികൃഷ്ണന്‍

ഇടതുപക്ഷക്കാരന് എങ്ങനെയാണ് രക്തസാക്ഷി ഫണ്ട് അപഹരിക്കാൻ സാധിക്കുകയെന്ന് കുഞ്ഞികൃഷ്ണന്‍ ചോദിച്ചു

V Kunhikrishnan
വി കുഞ്ഞികൃഷ്ണന്‍ ( V Kunhikrishnan )
Last Updated :16 March 2026, 1:12 pm IST

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിപിഎം മുന്‍ നേതാവ് വി കുഞ്ഞികൃഷ്ണന്‍. പയ്യന്നൂര്‍ മണ്ഡലത്തില്‍ ടി ഐ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ച സാഹചര്യത്തിലാണ് കുഞ്ഞികൃഷ്ണന്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. മധുസൂദനനെതിരെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ്, ജില്ലാ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞികൃഷ്ണനെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയത്.

ഇത്രയും ആരോപണങ്ങൾക്ക് വിധേയനായ ഒരു വ്യക്തിയെ വീണ്ടും സ്ഥാനാർത്ഥിയായി പയ്യന്നൂരിൽ മത്സരിപ്പിക്കാൻ ഇടതുപക്ഷം സന്നദ്ധമാകില്ല എന്നായിരുന്നു വിശ്വസിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തെ തന്നെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. അപ്പോള്‍ അഴിമതിക്കെതിരായ പോരാട്ടം മുന്നോട്ടു കൊണ്ടുപോകാന്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയല്ലാതെ മറ്റുമാർഗമില്ല. അതിനാൽ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചുവെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

അഴിമതിക്കെതിരായിട്ടുള്ള പോരാട്ടമെന്നുള്ള നിലയിലാണ് മത്സരത്തെ കാണുന്നത്. ഇടതുപക്ഷത്തിനെതിരായിട്ടുള്ള ഒരു പോരാട്ടമായി സ്ഥാനാർത്ഥിത്വത്തെ കാണുന്നില്ല. ഇടതുപക്ഷം നിലനിൽക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. എന്നാൽ പയ്യന്നൂരിലെ ഇടതുസ്ഥാനാർത്ഥിയെ ഒരു ഇടതുപക്ഷക്കാരനായി കാണുന്നില്ല. ഇടതുപക്ഷക്കാരന് എങ്ങനെയാണ് രക്തസാക്ഷി ഫണ്ട് അപഹരിക്കാൻ സാധിക്കുക. പയ്യന്നൂരിലെ സിപിഎം മാഫിയ സംഘങ്ങളുടെ കയ്യിലാണ്. ആ സംഘത്തിൽനിന്ന് സിപിഎമ്മിനെ രക്ഷിച്ചെടുക്കുക എന്നതുകൂടിയാണ് മത്സരത്തിന്റെ ലക്ഷ്യമെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

പയ്യന്നൂരിലെ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും ക്രമക്കേട് നടന്നതായി കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും മാത്രമായി പാർട്ടിക്ക് നഷ്ടമായത് 91 ലക്ഷത്തോളം രൂപയാണെന്നാണ് കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. പയ്യന്നൂരിലെ സിപിഎമ്മിലെ ഫണ്ട് വെട്ടിപ്പിനെക്കുറിച്ച് പുസ്തകത്തിലൂടെയും വി കുഞ്ഞികൃഷ്ണൻ വിശദീകരിച്ചിരുന്നു. ഫണ്ട് വിവാദത്തിൽ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയത്.

News Now

Summary

Former CPM leader V Kunhikrishnan will contest the assembly elections as an independent from the Payyannur constituency.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates