Kerala Election 2026: കേരളം വിധിയെഴുതുന്നു, വോട്ടെടുപ്പ് തുടങ്ങി; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍

പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് കേരളം ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്

VD Satheesan in Polling Booth
VD Satheesan in Polling Booth
Edited by :jayakumarna
Last Updated :9 ഏപ്രിൽ 2026, 7:39 am IST

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ആറേകാലോടെ മോക് പോളിങ്ങ് നടത്തി. തുടർന്നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ മുതൽ തന്നെ വോട്ടു ചെയ്യാനായി പോളിങ് ബൂത്തുകളിൽ നീണ്ട നിരയുണ്ട്. പറവൂരിലെ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളജിലെ ബൂത്തിലെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാവിലെ തന്നെ എത്തി വോട്ടു രേഖപ്പെടുത്തി. ഭാര്യയ്ക്കും മകൾക്കുമൊപ്പമെത്തിയാണ് സതീശൻ വോട്ടു ചെയ്തത്.

തിരുവനന്തപുരം മുടവൻമുഗളിലെ സ്കൂളിൽ നടൻ മോഹൻലാൽ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥനും, എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയും മോഹൻലാലിനൊപ്പം രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി. അമ്പലപ്പുഴയിലെ യുഡിഫ് പിന്തുണയുള്ള സ്വതന്ത്രൻ ജി സുധാകരനും ഭാര്യയ്ക്കൊപ്പമെത്തി വോട്ടു ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ​ഗുരുവായൂരിൽ വോട്ടു ചെയ്തു. മന്ത്രി മുഹമ്മദ് റിയാസ് അടക്കം നിരവധി പ്രമുഖർ രാവിലെ വോട്ടു ചെയ്തവരിൽപ്പെടുന്നു.

പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് കേരളം ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. 883 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിൽ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. വോട്ടെടുപ്പിനായി 30495 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

ഇതിൽ പ്രശ്നബാധിത ബൂത്തുകള്‍ 2040 ആണ്. വോട്ടെടുപ്പിനായി 1.46 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോളിങ് കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 76000ത്തിലധികം പോലീസുകാര്‍ സുരക്ഷാ ക്രമീകരണങ്ങൾ നിയന്ത്രിക്കും. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ്‌ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേത്യത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.

പത്തുവർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി തുടർഭരണം പ്രതീക്ഷിക്കുകയാണ് ഇടതുമുന്നണി. എന്നാൽ, സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം അനുകൂലമാകുമെന്നും ഭരണമാറ്റം ഉണ്ടാകുമെന്നുമാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. വീണ്ടും അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ മുന്നണി.

News Now

Summary

Voting for the state assembly elections has begun. Voting began at 7 am.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates