ഓണാഘോഷം കളറാക്കാം, ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസും 20000 രൂപ ഓണം അഡ്വാന്‍സും അനുവദിച്ചിട്ടുണ്ട്

welfare pension
സാമൂഹിക സുരക്ഷാ പെൻഷൻ പ്രതീകാത്മക ചിത്രം
Edited by :Jayakumar
Last Updated :19 ഓഗസ്റ്റ് 2026, 7:08 am IST

തിരുവനന്തപുരം: ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. 59,00,472 ഗുണഭോക്താക്കള്‍ക്കുള്ള സാമൂഹിക സുരക്ഷ പെന്‍ഷന് സംസ്ഥാന വിഹിതമായി 951.40 കോടി രൂപയാണ് അനുവദിച്ചത്. ഈ മാസം 31 വരെ പെന്‍ഷന്‍ വിതരണം ചെയ്യും.

16 ക്ഷേമനിധി ബോര്‍ഡുകള്‍ വഴി 6.59 ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള പെന്‍ഷന്‍ വിതരണത്തിനായി 130.32 കോടി രൂപയും അനുവദിച്ചു. 8,46,456 പേര്‍ക്കുള്ള വാര്‍ധക്യ, ഭിന്നശേഷി, വിധവ പെന്‍ഷനുകളിലെ കേന്ദ്ര-സംസ്ഥാന വിഹിതമായി 24.76 കോടി രൂപയും അനുവദിച്ചു. ഇതും ഇന്നു മുതല്‍ വിതരണം ചെയ്യും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ നല്‍കും

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ക്കായി 630.5 കോടിരൂപയും അങ്കണവാടി പെന്‍ഷന്‍കാരുടെ കുടിശിക തീര്‍ക്കാന്‍ നേരത്തെ അനുവദിച്ച 10 കോടിക്ക് പുറമെ 24കോടിയും അനുവദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസും 20000 രൂപ ഓണം അഡ്വാന്‍സും അനുവദിച്ചിട്ടുണ്ട്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 3000 രൂപ ഉത്സവബത്ത നല്‍കും.

പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്ക് 6000 രൂപ അഡ്വാന്‍സ് അനുവദിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ ബോണസും ആശാ, അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് 1450 രൂപ ഉത്സവ ബത്തയും നല്‍കും. പിന്നാക്ക വിഭാഗ സ്‌കോളര്‍ഷിപ്പില്‍ മുന്‍സര്‍ക്കാര്‍ വരുത്തിയ കുടിശിക തീര്‍ക്കാന്‍ 310 കോടി അനുവദിച്ചു. കാസ്പ്, ആരോഗ്യ കിരണം പദ്ധതികളിലെ അടിയന്തിര ബാധ്യതകള്‍ തീര്‍ക്കാന്‍ 200 കോടി രൂപയും അനുവദിച്ചു.

സപ്ലൈകോക്ക് ഓണവിപണി സജീവമാക്കാന്‍ 53 കോടി രൂപ മുന്‍കൂറായി അനുവദിച്ചു. കണ്‍സ്യൂമര്‍ ഫെഡിന് 25 കോടിയും അനുവദിച്ചു. സപ്ലൈകോ വഴി 2026 ജൂലൈ 31 വരെയുള്ള നെല്ല് സംഭരണ പി.ആര്‍.എസ് കുടിശിക തീര്‍പ്പാക്കാന്‍ 150 കോടി അനുവദിച്ചു. ഇത് ഓണത്തിന് മുമ്പ് കൊടുത്തുതീര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കി.

News Now

Summary

Welfare pension distribution starts today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates