'മുഖ്യമന്ത്രിയുടെ വാട്‌സ്ആപ്പ് സന്ദേശം തെരഞ്ഞെടുപ്പ് പ്രചാരണമല്ല'; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കേരള സ്റ്റേറ്റ് ഐടി മിഷന്‍ മുഖേനയാണ് സന്ദേശങ്ങള്‍ അയച്ചത്

Chief Minister Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Edited by :അമല്‍ ജോയ്
Last Updated :27 ഫെബ്രുവരി 2026, 3:33 pm IST

കൊച്ചി: മുഖ്യമന്ത്രിയുടെ വാട്‌സ്ആപ്പ് സന്ദേശം തെരഞ്ഞെടുപ്പ് പ്രചാരണമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജീവനക്കാരുടെ ഡാറ്റ ചോര്‍ന്നിട്ടില്ല. ഡിഎ കുടിശ്ശിക അനുവദിച്ചതും എച്ച്ആര്‍എ പുനഃസ്ഥാപിച്ചതും സന്ദേശത്തിലൂടെ ജീവനക്കാരെ അറിയിച്ചതാണ്. സന്ദേശത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പരാമര്‍ശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്ത് നിലവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ല. ജീവനക്കാരുടെ വിവരങ്ങള്‍ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ല. കേരള സ്റ്റേറ്റ് ഐടി മിഷന്‍ മുഖേനയാണ് സന്ദേശങ്ങള്‍ അയച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഡേറ്റ ചോര്‍ത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് ഡേറ്റ സൂക്ഷിക്കാറില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാനായി കെഎസ്‌ഐടിഎം ഒരുക്കിയ വാട്‌സാപ്പ് പ്ലാറ്റ്‌ഫോമാണ് ഇതിനായി ഉപയോഗിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ പറഞ്ഞാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയത്. എല്ലാവരുടെയും പേര് പറഞ്ഞു കൊണ്ടായിരുന്നു സന്ദേശം. എന്നാല്‍ ഔദ്യോഗിക ആവശ്യത്തിനായി സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുള്ള പ്രചാരണം വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുള്ളതാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. 21ന് രാവിലെയാണ് ജീവനക്കാരെ പേരെടുത്ത് പറഞ്ഞ് സന്ദേശമെത്തിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാര്‍ക് സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ ലഭിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. പ്രഥമദൃഷ്ട്യാ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നതെന്നും അങ്ങനെയല്ലെങ്കില്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

News Now

Summary

Kerala Chief Minister's WhatsApp message was not for election campaigning and did not involve a data leak, government affidavit filed in the High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates