ഇവിടെ ആര് ജയിച്ചാലും 'നിഷ' ഭരിക്കും- തദ്ദേശ തെരഞ്ഞെടുപ്പിലെ കൗതുകപ്പോര്

Last Updated :20 January 2024, 8:32 am IST

News Now

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്ക് നാട് ഉണർന്നു കഴിഞ്ഞു. മിക്കയിടത്തും സ്ഥാനാർത്ഥികൾ വോട്ട് തേടി ഇറങ്ങിത്തുടങ്ങി. എന്തായാലും പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ വിജയി ആരാണെന്ന കാര്യം ഉറപ്പായി കഴിഞ്ഞു. ഇടത്, വലത്, എൻഡിഎ ഭേദമില്ലാതെ ഇവിടെ ജയിക്കുക 'നിഷ' ആയിരിക്കും. ഏത് നിഷയാണ് ജയിക്കുകയെന്ന കാര്യം മാത്രമേ അറിയേണ്ടതുള്ളു. 

പൂഞ്ഞാർ തെക്കേക്കര 12ാം വാർഡിൽ മൂന്ന് പാർട്ടിക്ക് വേണ്ടി മത്സരിക്കുന്ന സ്ഥാനാർത്ഥികളുടേയും പേര് നിഷ എന്നാണ്. യുഡിഎഫിന് വേണ്ടി  നിഷ ഷാജി പുളിയിക്കക്കുന്നേൽ സ്ഥാനാർത്ഥിയാകുമ്പോൾ എൽഡിഎഫിന് വേണ്ടി നിഷ സാനുവും എൻഡിഎയ്ക്ക് വേണ്ടി നിഷ വിജിമോനുമാണ് മത്സരിക്കാനിറങ്ങുന്നത്. 

സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ആളുകളാണ് സ്ഥാനാർത്ഥികൾ മൂന്ന് പേരും. വാർഡിലെ ആളുകളുമായുള്ള അടുപ്പം വിജയത്തിനായി സഹായിക്കുമെന്നാണ് മൂന്ന് സ്ഥാനാർത്ഥികളും പ്രതീക്ഷിക്കുന്നത്. പേരിലെ കൺഫ്യൂഷൻ ഒഴിവാക്കാൻ ചിഹ്നങ്ങളെ പരമാവധി ജനമനസുകളിൽ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് നിഷമാരും. 

മുൻ അധ്യാപികയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ഗ്രാഫിക് ഡിസൈനറാണ് നിഷ വിജിമോൻ. നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി കഴിയാതെ വാർഡിൽ നിഷമാർ മാത്രമാണോ പോരിനിറങ്ങുകയെന്നത് അവ്യക്തമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates