ഒരു ദിവസം മുഴുവൻ നാടു വിറപ്പിച്ചു കറക്കം, ഒടുവിൽ കാടു കയറി കൊമ്പൻ; ഉളിക്കലിൽ ആശ്വാസം

പുലർച്ചെ പീടികക്കുന്ന് വഴി കർണാടക വനമേഖലയിൽ പ്രവേശിച്ചു

എക്സ്പ്രസ് ചിത്രം
Last Updated :20 January 2024, 9:26 am IST
Edited by :migrator

കണ്ണൂർ: ആശങ്ക നിറഞ്ഞു നിന്ന ഒരു രാത്രിക്കൊടുവിൽ ആശ്വാസ വാർത്ത. ഉളിക്കല്‍ ടൗണില്‍ ഭീതി പരത്തിയ കാട്ടാന തിരിച്ച് കാടു കയറി. രാത്രി മുഴുവൻ പ്രദേശത്ത് തങ്ങിയ ആന പുലർച്ചെ പീടികക്കുന്ന് വഴി കർണാടക വനമേഖലയിൽ പ്രവേശിച്ചു. 

കർണാടക വനത്തിൽനിന്ന് 15 കിലോമീറ്റർ സഞ്ചരിച്ചാണ് ഉളിക്കൽ ടൗണിൽ കാട്ടാനയെത്തിയത്. അഞ്ചുമണിക്കൂറോളമാണ് കാട്ടാന ടൗണിൽ നിലയുറപ്പിച്ചത്. പിന്നീട് ആനയെ ടൗണിൽ നിന്ന് മാറ്റിയെങ്കിലും കാടു കയറാൻ തയാറാകാതിരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. പടക്കം പൊട്ടിച്ച് ആനയെ കാടു കയറ്റാൻ രാത്രിവരെ ശ്രമങ്ങൾ നടത്തിയെങ്കിലും അത് വിജയം കണ്ടില്ല. 

ഇന്നലെ രാവിലെ ആറു മണിയോടെയാണ് ജനവാസ മേഖലയിൽ കാട്ടാനയെ കണ്ടത്. ഉളിക്കൽ ലാറ്റിൻ പള്ളിക്കു സമീപമുള്ള കൃഷിയിടത്തിൽ നിലയുറപ്പിച്ച കാട്ടാനയെ വൈകുന്നേരത്തോടെയാണ് പടക്കം പൊട്ടിച്ച് ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയത്. മാട്ടറ ഭാഗത്തേക്ക് തിരിഞ്ഞ കാട്ടാനയുടെ പിന്നാലെ വനം വകുപ്പ് സംഘം പിന്തുടരുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ കശുമാവിൻ തോട്ടത്തിൽ നിലയുറപ്പിച്ച കാട്ടാന പിന്നീട് മണിക്കൂറുകൾക്കു ശേഷമാണ് വയത്തൂരിലേക്ക് മാറിയത്. അവിടെ മൂന്നു മണിക്കൂർ ചെലവഴിച്ചതിനു ശേഷമാണ് കാട്ടാന മടങ്ങിയത്. 

ആനയെ കണ്ട് പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് ആറുപേർക്ക് വീണ് പരിക്കേറ്റത്. കാട്ടാനയെ കാണാൻ ജനങ്ങൾ തിങ്ങിക്കൂടിയത് പലപ്പോഴും ദൗത്യത്തിന് തിരിച്ചടിയായി മാറിയിരുന്നു. ജനങ്ങൾ വീടുകളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാൻ പലരും കൂട്ടാക്കിയില്ല.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now