ജലനിരപ്പ് അപകടകരമായി ഉയരുന്നു; അഞ്ച് നദികളില്‍ യെല്ലോ അലര്‍ട്ട്

തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു

Yellow alert on five rivers
അഞ്ച് നദികളില്‍ യെല്ലോ അലര്‍ട്ട്ഫയല്‍ ചിത്രം
Last Updated :18 July 2024, 12:51 pm IST
Edited by :Sujith

തിരുവനന്തപുരം: ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ മണിമലയാറ്റിലും ഇടുക്കിയിലെ തൊടുപുഴയാറ്റിലും തൃശൂരിലെ കരുവന്നൂര്‍, ഗായത്രി പുഴകളിലും, കോഴിക്കോട് കുറ്റ്യാടി പുഴയിലുമാണ് യെല്ലോ അലര്‍ട്ട്. തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് വയനാട്ടിലും കണ്ണൂരിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ടു ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പുമുണ്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് തുടരുന്ന ദുരിതപ്പെയ്ത്തില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. വടക്കന്‍ കേരളത്തില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മഞ്ചേരിയിലെ ക്വാറിയില്‍ കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒഡീഷക്കാരന്‍ ദിഷക് മണ്ഡിക (21)യാണ് മരിച്ചത്. എറണാകുളം പൂയംകുട്ടി കുട്ടമ്പുഴയാറില്‍ കാട്ടാന ഒഴുകിപ്പോയി. പൂയംകുട്ടിയില്‍ നിന്നും ബ്ലാവന ഭാഗത്തേക്കാണ് ആന ഒഴുകിപ്പോയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയെത്തുടര്‍ന്ന് മലപ്പുറം തിരുരങ്ങാടിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പനമ്പുഴ റോഡിലെ 35 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറി. നൂറോളം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കണ്ണൂര്‍ മട്ടന്നൂര്‍ കൊട്ടാരം പെരിയാത്ത് റോഡ് വെള്ളം കയറി. കാര്‍ വെള്ളക്കെട്ടില്‍ മുങ്ങി. കര്‍ണാടക സ്വദേശികളുടെ കാറാണ് മുങ്ങിയത്. യാത്രക്കാരെ രക്ഷപ്പെടുത്തി.

ശക്തമായ മഴയില്‍ കോഴിക്കോട് കല്ലാച്ചിയില്‍ വീട് തകര്‍ന്നു. കക്കുഴി പറമ്പത്ത് നാണുവിന്റെ വീടാണ് ഇന്നലെ അര്‍ധരാത്രി നിലംപതിച്ചത്. വീട് തകരുന്ന ശബ്ദം കേട്ട് ആളുകള്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി. കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലേക്ക് മതിലിടിഞ്ഞു വീണു. കുട്ടികള്‍ ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. റോഡില്‍ വാഹനങ്ങള്‍ വരാതിരുന്നതും അപകടം ഒഴിവാക്കി. മഴ മൂലം കുവൈത്ത്- കണ്ണൂര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വഴിതിരിച്ചു വിട്ടു.

മലങ്കര തുറന്നു, കക്കയത്ത് ബ്ലൂ അലര്‍ട്ട്

മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. മൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചു. കൂരാച്ചുണ്ട് കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 755.50 മീറ്ററില്‍ എത്തി. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മഴ തുടര്‍ന്നാല്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കേണ്ടി വരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now