വോട്ടർപട്ടികയിൽ പേരു ചേർക്കാൻ നാളെ വരെ അവസരം; ഇതുവരെ അപേക്ഷിച്ചത് 15.9 ലക്ഷം പേർ

ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങിനുള്ള കംപ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും

voter's list
voter's listഫയൽ
Edited by :jayakumarna
Last Updated :6 ഓഗസ്റ്റ് 2025, 8:23 am IST

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനായി  വോട്ടര്‍ പട്ടികയിൽ പേരുചേർക്കുന്നതിന് നാളെ വരെ അവസരം. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്ക് ഓ​ഗസ്റ്റ്​ ഏഴു വരെ വോട്ടർപട്ടികയിൽ പേരുചേർക്കാം. വോട്ടർപട്ടികയിൽ പുതുതായി പേരുചേർക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും(ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും(ഫോറം7) സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.

ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങിനുള്ള കംപ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിങിന്​ നേരിട്ട്​ ഹാജരാകണം. വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത്​ സംബന്ധിച്ച ആക്ഷേപങ്ങൾ (ഫോറം 5) ഓൺലൈനായി രജിസ്റ്റർചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ടു നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം.

ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ടഫാറത്തിൽ ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം. പഞ്ചായത്തുകളിലും നഗരസഭകളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം. ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേരുൾപ്പെടുത്താൻ ഇതുവരെ 15,94,379 അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. തിരുത്തലിന്‌ 7,406 അപേക്ഷയും വാർഡ്‌ മാറ്റാൻ 80,212 അപേക്ഷയും ലഭിച്ചു. പേര്‌ ഒഴിവാക്കാൻ 745 പേർ സ്വന്തമായി അപേക്ഷ നൽകി. 5,168 പേരെ ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇആർഒ) സ്വമേധയ നീക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നോട്ടീസ്‌ നൽകി. 1,15,219 പേരെ നീക്കം ചെയ്യാൻ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ ഓൺലൈനായി അപേക്ഷ നൽകി. 30ന്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിൽ പേര്‌ ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.inൽ ഓൺലൈനായി അപേക്ഷിക്കാം.

News Now

Summary

You have until tomorrow to add your name to the voter list for the local body elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates