ബൈക്കുകൾ കൂട്ടിയിടിച്ചു; ബം​ഗളൂരുവിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബൈക്കുകൾ കൂട്ടിയിടിച്ചു; ബം​ഗളൂരുവിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു

സോനു, ജിതിൻ
Last Updated :20 January 2024, 8:52 am IST

ബംഗളൂരു: ഇലക്ട്രോണിക് സിറ്റിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംക്കോട്ടിൽ കെയു ജോസിന്റെ മകൻ ജിതിൻ ജോസ് (27), കോട്ടയം വലകമറ്റം സോണി ജേക്കബിന്റെ മകൻ സോനു സോണി (27) എന്നിവരാണ് മരിച്ചത്. 

ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. ഇലക്ട്രോണിക് സിറ്റി ടോൾ ബൂത്തിനു സമീപത്തെ സർവീസ് റോഡിൽ വച്ചാണ് ബൈക്കുകൾ കൂട്ടിയിടിച്ചത്.

ഹുസ്കൂർ ഗേറ്റിലെ താമസ സ്ഥലത്തേക്കു മടങ്ങുമ്പോൾ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോനു തത്ക്ഷണം മരിച്ചു. ജിതിനെ ഹെബ്ബഗോഡിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സിസിടിവി സർവീസ് സെന്റർ ഉടമയാണ് ജിതിൻ. ജിതിന്റെ മൃതദേഹം സെന്റ് ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി. 

മാതാവ്: ആനി. സഹോദരി: ജിജി. ജിതിന്റെ സംസ്കാരം ഇന്ന് 10.30നു മാനന്തവാടി പുതിയിടം ചെറുപുഷ്പം പള്ളിയിൽ. 

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച സോനു. മാതാവ്: മിനി. സഹോദരങ്ങൾ: മിനു, സിനു.

News Now