അമ്പൂരി രാഖി വധം: മുഖ്യപ്രതി അഖിൽ പിടിയിൽ 

തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്

Last Updated :20 January 2024, 8:03 am IST

തിരുവനന്തപുരം: അമ്പൂരിയിലെ രാഖിയുടെ കൊലപാതകത്തില്‍ മുഖ്യപ്രതി അഖില്‍ പിടിയിലായി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ‌ ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊലപാതകം നടന്നതിന് ശേഷം ഡൽഹിയിലേക്ക് പോയ അഖിൽ തിരികെ ജോലിയിൽ പ്രവേശിച്ചെന്നായിരുന്നു പ്രതിയുടെ പിതാവ് നൽകിയ വിവരം. എന്നാൽ സൈനികനായ അഖില്‍ ജോലിസ്ഥലത്ത് ചെന്നിട്ടില്ലെന്ന് സൈന്യം കൈമാറിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഖിലിനെ പിടികൂടിയത്. 

കേസിലെ രണ്ടാം പ്രതിയായ രാഹുലിനെയും ഇന്ന് പൊലീസ് പിടികൂടിയുരുന്നു. അഖിലിന്റെ സഹോദരനാണ് രാഹുല്‍. തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയിലെ ഒളിയിടത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. രാഖിയെ കൊലപ്പെടുത്തിയെന്ന് രാഹുല്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.  

അതിനിടെ രാഖിയുടെ കൊലപാതകത്തില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് കൊല്ലപ്പെട്ട രാഖിയുടെ അച്ഛന്‍ ആരോപിച്ചു. ഇരുവരും അറിയാതെ അഖില്‍ അങ്ങനെ ചെയ്യില്ലെന്നാണ് രാഖിയുടെ അച്ഛന്‍ ആരോപിക്കുന്നത്. അഖിലിന്റെ വീട്ടില്‍ ഇന്നലെയും പൊലീസ് പരിശോധന നടത്തി തെളിവ് ശേഖരിച്ചു. രാഖി ഉപയോഗിച്ചതെന്ന് കരുതുന്ന മൊബൈല്‍ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

സംഭവദിവസം രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു, രാഖിയും അഖിലും എറണാകുളത്ത് ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായിരുന്നുവെന്നും, ഭാര്യഭര്‍ത്താക്കന്മാരെ പോലെയാണ് ജീവിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. അഖിലിന് മാതാപിതാക്കള്‍ വേറെ കല്യാണം ആലോചിച്ചതോടെ, ഇക്കാര്യം അറിഞ്ഞ രാഖി പ്രശ്‌നമുണ്ടാക്കി. തുടര്‍ന്ന് രാഖിയെ ഒഴിവാക്കാന്‍ കൊന്ന് കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

അമ്പൂരി രാഖി വധം: മുഖ്യപ്രതി അഖിൽ പിടിയിൽ