ഇന്ന് നാലുജില്ലകളില്‍ ഉഷ്ണതരംഗം; മുന്നറിയിപ്പ് 

ഇന്ന് കോഴിക്കോട് ഉള്‍പ്പെടെയുളള നാലു ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യത

Last Updated :20 January 2024, 8:22 am IST

കോഴിക്കോട്: ഇന്ന് കോഴിക്കോട് ഉള്‍പ്പെടെയുളള നാലു ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യത. കൊല്ലം, ആലപ്പുഴ, കോട്ടയം എന്നി ജില്ലകളിലും സാധാരണ താപനിലയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് പൊതുവെ താപനില ഉയരുന്ന സാഹചര്യമുള്ളതിനാല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും (Humidtiy) താപസൂചിക (Heat Index) ഉയര്‍ത്തുന്ന ഘടകമാണ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടി താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

സംസ്ഥാനത്ത് കോവിഡ്19 ജാഗ്രതയുടെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ പകല്‍ സമയത്ത് പുറംജോലികളില്‍ ഏര്‍പ്പെടുന്ന പൊലീസുകാര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കമ്മ്യൂണിറ്റി കിച്ചണില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകമായ കരുതലും ജാഗ്രതയും പാലിക്കുക. ആവശ്യമായ വിശ്രമത്തോടെയും തണല്‍ ഉറപ്പു വരുത്തിയും മാത്രം ജോലിയില്‍ ഏര്‍പ്പെടുക. ധാരാളമായി ശുദ്ധജലം കുടിക്കുക. പൊതുജനങ്ങള്‍ ഇവരോട് സഹകരിക്കുക.

ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുന്നവര്‍ പകല്‍ 11 മണി മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ വെയിലേല്‍ക്കുന്നത് ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കേണ്ടതാണ്.

വീട്ടില്‍ ഇരിക്കുന്നവരും ധാരാളമായി ശുദ്ധജലം കുടിക്കുക. വീട്ടിലും മുറികളിലും വായുസഞ്ചാരം ഉറപ്പാക്കുക.

നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ ശേഷിയുള്ള മദ്യം, ചായ, കാപ്പി പോലെയുള്ള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

പുറം തൊഴിലുകളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവര്‍ത്തനങ്ങള്‍ യുവജന, സാംസ്‌കാരിക, സാമൂഹിക സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും ഏറ്റെടുക്കാവുന്നതാണ്.

നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങള്‍ കഴിക്കാനും നിര്‍ദേശിക്കുന്നു.

നിര്‍ജ്ജലീകരണം തടയാന്‍ ORS ലായനി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

വളര്‍ത്തു മൃഗങ്ങള്‍ക്ക് തണല്‍ ഉറപ്പു വരുത്താനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ചൂട് മൂലമുള്ള തളര്‍ച്ചയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്‍കാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പ്രതിരോധിക്കുന്നതിനായുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കാഴ്ച പരിമിതര്‍ക്കായി ബ്രെയില്‍ മെറ്റീരിയലുകളില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. ശബ്ദ സന്ദേശത്തിനായി sdma.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഇന്ന് നാലുജില്ലകളില്‍ ഉഷ്ണതരംഗം; മുന്നറിയിപ്പ്