സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും കേസുകളില്‍ അന്വേഷണം നടത്താനും പൊലീസിനെ സഹായിക്കുന്ന സൈബര്‍ വിദഗ്ധര്‍ ഇനിമുതല്‍ 'സൈബര്‍ കമാന്‍ഡര്‍' എന്നറിയപ്പെടും

Last Updated :20 January 2024, 8:06 am IST

News Now

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും കേസുകളില്‍ അന്വേഷണം നടത്താനും പൊലീസിനെ സഹായിക്കുന്ന സൈബര്‍ വിദഗ്ധര്‍ ഇനിമുതല്‍ 'സൈബര്‍ കമാന്‍ഡര്‍' എന്നറിയപ്പെടും.  സൈബര്‍ വൊളന്റിയേഴ്‌സ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് കേരള പൊലീസ് ഈ പദവി നല്‍കുക.

പൊലീസിന് നല്‍കുന്ന സഹായത്തിന്റെയും സൈബര്‍ പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കമാന്‍ഡര്‍, ഡപ്യൂട്ടി കമാന്‍ഡര്‍, കമാന്‍ഡര്‍ എന്നീ പദവികളില്‍ സ്ഥാനക്കയറ്റവും തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. റജിസ്റ്റര്‍ ചെയ്തവരില്‍ നിന്നു 112 പേരെ വൊളന്റിയര്‍മാരായി കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ നിന്നു തെരഞ്ഞെടുക്കുന്നവര്‍ക്ക് കമാന്‍ഡര്‍ പദവി നല്‍കും. വേതനം ലഭിക്കില്ല. പദവി ലഭിച്ചാല്‍ സൈബര്‍ സുരക്ഷാ പരിശീലകരായും പ്രവര്‍ത്തിക്കാം.

കുറ്റകൃത്യങ്ങള്‍ തടയാനും സൈബര്‍ സുക്ഷയ്ക്കും സോഫ്റ്റ്‌വെയര്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ തയാറാക്കുക, സൈബര്‍ കേസുകളില്‍ സഹായം നല്‍കുക, പൊലീസിന്റെ വിവിധ പദ്ധതികളില്‍ പരിശീലനം നല്‍കുക എന്നിവയാണ് വൊളന്റിയര്‍മാരുടെ ചുമതല. ഓണ്‍ലൈന്‍, ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ തയാറാക്കുന്ന ജോലിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. 

www.cyberdome.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ പ്രഫഷനല്‍ കഴിവ്, വ്യക്തിത്വ പശ്ചാത്തലം, സമൂഹ മാധ്യമങ്ങളിലെ ഇടപെടല്‍ എന്നിവ പരിശോധിച്ചാണ് തെരഞ്ഞെടുപ്പ്. അപേക്ഷകരെക്കുറിച്ച് അവരുടെ പരിധിയിലെ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് അന്വേഷണവുമുണ്ടാകും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസിനെ സഹായിക്കുന്നവര്‍ ഇനിമുതല്‍ 'കമാന്‍ഡര്‍'