പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലില്‍ സര്‍വീസുകള്‍ മുടക്കില്ലെന്ന് ബസ് ഉടമകള്‍

Last Updated :20 January 2024, 8:09 am IST

News Now


കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലില്‍ സര്‍വീസുകള്‍ മുടക്കില്ലെന്ന് ബസ് ഉടമകള്‍. ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്ന്  ആരും രേഖാമൂലമോ അല്ലാതെയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ഹര്‍ത്താലിന്റെ പേരില്‍ സര്‍വീസുകള്‍ മുടക്കേണ്ടെന്നാണ് ബസ് ഉടമകളുടെയും ജീവനക്കാരുടെയും സംഘടനകളുടെയും തീരുമാനം. പക്ഷേ, അക്രമസംഭവങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ബസുകള്‍ക്ക് പൊലീസ്  സംരക്ഷണം തരണമെന്ന് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

നോട്ടീസ് നല്‍കാതെയുള്ള ഹര്‍ത്താലുകള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്. പരീക്ഷകള്‍ നടക്കുന്ന സമയത്ത് ഇത്തരത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നത് വിദ്യാര്‍ഥികളെയടക്കം ബാധിക്കും. സാധാരണക്കാരായ ജനങ്ങളാണ് ബസ് സര്‍വീസുകളെ ആശ്രയിക്കുന്നത്. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന യാതൊന്നും സമരക്കാരുടെ ഭാഗത്തു നിന്നുണ്ടാവരുതെന്ന് അസോസിയേഷന്‍ നേതാക്കള്‍ അഭ്യര്‍ഥിച്ചു. വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. 

അതേസമയം നാളത്തെ ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് മാറ്റമില്ലെന്ന് സംയുക്തസമരസമിതി നേതാക്കള്‍ പറഞ്ഞു. വ്യാപാരികള്‍ കടകള്‍ അടച്ചും ജനങ്ങള്‍ യാത്ര ഉപേക്ഷിച്ചും സഹകരിക്കണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചു. ബലപ്രയോഗം പാടില്ലെന്ന നിര്‍ദ്ദേശം നല്‍കിയതായി സമരസമിതി പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

അതേസമയം നാളത്തെ ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഹര്‍ത്താല്‍ സംബന്ധിച്ച് കോടതി നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ലാത്തതിനാല്‍ ഈ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

'ഹര്‍ത്താല്‍ നടത്താന്‍ ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനങ്ങള്‍ ഇത് പാലിച്ചിട്ടില്ല. അതിനാല്‍ ഈ ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. ഇതുസംബന്ധിച്ച നോട്ടീസ് സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് അവഗണിച്ച് ഹര്‍ത്താല്‍ നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കും.' ബെഹ്‌റ വ്യക്തമാക്കി.

പ്രതിഷേധ പ്രകടനങ്ങള്‍ ജനാധിപത്യത്തില്‍ നടക്കുന്നതാണ്. എന്നാല്‍ വാഹനങ്ങള്‍ തടയുന്നതും കട അടപ്പിക്കുന്നതും അങ്ങനെയല്ല. ഹര്‍ത്താല്‍ നടത്തുന്നതിന് കോടതി വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കണം. നാളത്തെ ഹര്‍ത്താലിന് പത്ര പ്രസ്താവന നടത്തിയിട്ടു പോലും ഏഴു ദിവസംആയിട്ടില്ലെന്ന് ബെഹറ പറഞ്ഞു.

ഹര്‍ത്താല്‍ ആഹ്വാനവുമായി സംഘനകള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണ നല്‍കാന്‍ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് ഡിജിപി പറഞ്ഞു.

എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനങ്ങള്‍ ചേര്‍ന്ന സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ ആറ് മുതല്‍ വൈകീട്ട്് ആറ് വരെയാണ് ഹര്‍ത്താല്‍. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും വിപുലമായ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുമെന്ന ഏകാധിപത്യസമീപനമാണ് ഉണ്ടാകുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹര്‍ത്താലുമായി സഹകരിക്കില്ല; ബസുകള്‍ സര്‍വീസുകള്‍ നടത്തും