'ഡൂംസ് ഡേ' വിമാനത്തിന്റെ സുപ്രധാന ഭാഗം മോഷണം പോയി; സുരക്ഷയില്‍ ആശങ്ക

Last Updated :20 January 2024, 8:34 am IST

News Now

മോസ്‌കോ: റഷ്യയുടെ 'ഡൂംസ് ഡേ' വിമാനത്തിന്റെ സുപ്രധാന ഭാഗം മോഷ്ടിക്കപ്പെട്ടു. ബുധനാഴ്ച റഷ്യന്‍ പൊലീസ് സേനയാണ് മോഷണ വിവരം പുറത്തുവിട്ടത്. അണുവായുധ യുദ്ധ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി പ്രത്യേകമായി നിര്‍മിക്കപ്പെട്ടതാണ് ഡൂംസ് ഡേ വിമാനം. അമേരിക്കയുടേയും റഷ്യയുടേയും പക്കല്‍ മാത്രമാണ് നിലവില്‍ ഡൂംസ് ഡേ വിമാനമുള്ളത്. 

ഇല്യൂഷിന്‍ II-80 വിമാനത്തില്‍ നിന്ന് ഒരു മില്യണ്‍ റൂബിള്‍(13,600 ഡോളര്‍) വില വരുന്ന ഉപകരണം വ്യോമപരിധിക്കുള്ളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതായി താഗന്‍ റോഗ് പൊലീസ് വകുപ്പ് അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിമാനത്തില്‍ അറ്റകുറ്റപണികള്‍ നടന്നുവരുന്നതിനിടെയുണ്ടായ ഈ സംഭവം നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് ആശങ്കയുണ്ടാക്കുന്നതാണ്.

താഗന്‍ റോഗിലാണ് വിമാനത്തിന്റെ അറ്റകുറ്റപണികള്‍ നടന്നിരുന്നത്. മോഷ്ടാക്കള്‍ വിമാനത്തിന്റെ കാര്‍ഗോ ഹാച്ച് തുറന്നതായും വിമാനത്തിനുള്ളില്‍ നിന്ന് ഷൂ അടയാളവും വിരലടയാളവും ലഭിച്ചതായും പൊലീസ് സൂചിപ്പിച്ചതായി റെന്‍-ടിവി റിപ്പോര്‍ട്ട് ചെയ്തു. അത്ര വിദഗ്ധരായ മോഷ്ടാക്കള്‍ക്ക് മാത്രമേ അതി സുരക്ഷാ മേഖലയില്‍ പ്രവേശിക്കാനും മോഷണം നടത്താനും സാധിക്കുകയുള്ളുവെന്ന് അധികൃതര്‍ പറഞ്ഞു. 

അടിയന്തര സാഹചര്യമുണ്ടായാല്‍ വ്യോമ പരിധിയില്‍ നിന്നുള്ള സേനാ നിയന്ത്രണങ്ങള്‍ക്കും പ്രസിഡന്റിനേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരേയും മാറ്റിപ്പാര്‍പ്പിക്കുന്നതിനും വേണ്ടി ജെറ്റ് വിമാനം രൂപമാറ്റം വരുത്തി നിര്‍മിച്ചതാണ് ഇല്യൂഷിന്‍ II-80 വിമാനം. അമേരിക്കയും റഷ്യയും തമ്മിലുള്ള ശീതയുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ് റഷ്യ ഡൂംസ് ഡേ വിമാനം സ്വന്തമാക്കിയത്. ഇതുള്‍പ്പെടെ നാല് ഡൂംസ് ഡേ വിമാനങ്ങള്‍ റഷ്യയ്ക്കുണ്ട്. 

മോഷണവുമായി ബന്ധപ്പെട്ട് ഇതിനോടകം 12 പേരെ ചോദ്യം ചെയ്തു കഴിഞ്ഞതായി പൊലീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates