തടവുകാരുടെ മൃതദേഹങ്ങള്‍ തടഞ്ഞുവയ്ക്കുന്നതില്‍ പ്രത്യേത താത്പര്യങ്ങളില്ലെന്ന്‌ ഹമാസ്

Hamas Israeli hostage
ഷിരി ബിബാസും കുട്ടികളും Source by : Social Media
Last Updated :21 February 2025, 6:05 pm IST

News Now

ഖാന്‍യൂനിസ്: ഇസ്രായേലി ബന്ദിയായ ഷിരി ബിബാസിന്റെ മൃതദേഹവുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കത്തില്‍ വിശദീകരണവുമായി ഹമാസ്. ഷിരി ബിബാസിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ ഇസ്രായേല്‍ വ്യോമാക്രമത്തില്‍ ചിതറിയ മറ്റ് മൃതദേഹങ്ങളുമായി കലര്‍ന്നിരിക്കാം എന്നാണ് ഹമാസ് നല്‍കുന്ന വിശദീകരണം.

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. 15 മാസത്തെ ഇസ്രായേലിന്റെ നിരന്തരമായ ബോംബാക്രമണത്തില്‍ ഗാസയില്‍ എന്താണ് സംഭവിച്ചത് എന്നതിന്റെ തെളിവുകൂടിയാണ് മൃതദേഹങ്ങളെന്നുമാണ് ഹമാസിന്റെ നിലപാടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം കൈമാറിയ ബന്ദിയുടെ മൃതദേഹത്തെ കുറിച്ചുയര്‍ന്ന സംശയങ്ങള്‍ നീക്കാന്‍ ശ്രമിക്കും. മൃതദേഹങ്ങളുമായി ബന്ധപ്പെട്ട പിശക് സംഭവിക്കാന്‍ സാധ്യതയുണ്ട്. മറ്റ് മൃതദേഹങ്ങളുടെ ഭാഗങ്ങളുമായി കൂടിച്ചേരാനുള്ള സാഹചര്യവും തള്ളാനാകില്ല. ബിബാസ് കുടുംബം മറ്റ് പലസ്തീനികള്‍ക്കൊപ്പമുണ്ടായിരുന്ന സ്ഥലം ലക്ഷ്യമാക്കിയും ബോംബാക്രമണം ഉണ്ടായതായും ടെലഗ്രാമില്‍ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയില്‍ ഹമാസ് ചൂണ്ടിക്കാട്ടുന്നു.

തടവുകാരുടെ മൃതദേഹങ്ങള്‍ തടഞ്ഞുവയ്ക്കുന്നതില്‍ ഹമാസിന് പ്രത്യേത താത്പര്യങ്ങളില്ല. പലസ്തീന്‍ സ്ത്രീയുടേതാണെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്ന മൃതദേഹം തിരികെ നല്‍കണം. വിഷയം പരിശോധിക്കുമെന്നും സംഭവിച്ചതെന്തെന്ന് മധ്യസ്ഥരെ അറിയിക്കുമെന്നും ഹമാസ് അറിയിച്ചു.

ഹമാസ് കൈമാറിയ മൃതദേഹങ്ങളില്‍ ഷിരി ബിബാസിന്റെ മൃതദേഹം ഉണ്ടായിരുന്നില്ലെന്നായിരുന്നു ഇസ്രയേല്‍ വാദം. ഹമാസിന്റെ നടപടി ന്യായീകരിക്കാന്‍ കഴിയാത്ത വിധത്തിലുള്ള പ്രവര്‍ത്തി എന്നായിരുന്നു നെതന്യാഹു ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയത്. പിന്നാലെയാണ് ഹമാസിന്റെ വിശദീകരണം.

ബന്ദിയാക്കപ്പെടുമ്പോള്‍ ഒന്‍പത് മാസം മാത്രം പ്രായമുണ്ടായിരുന്ന കെഫിര്‍ ബിബാസ് സഹോദരന്‍ ഏരിയല്‍ മാതാവ് ഷിരി ബിബാസ് മറ്റൊരു എണ്‍പതുകാരന്‍ തുടങ്ങിയ ഇസ്രയേലി പൗരന്‍മാര്‍ എന്നവകാശപ്പെട്ടായിരുന്നു മൃതദേഹങ്ങള്‍ വ്യാഴാഴ്ച ഹമാസ് കൈമാറിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates