ബസ് അപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദുബൈയില്‍ 11കോടി നഷ്ടപരിഹാരം

ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 11 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദുബൈ കോടതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:18 am IST

ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 11 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദുബൈ കോടതി. മൂന്നു വര്‍ഷം മുന്‍പ് ഒമാനില്‍ നിന്ന് ദുബൈയിലേക്ക് വരുന്ന വഴി ബസ് അപകടത്തില്‍പ്പെട്ട മുഹമ്മദ് ബൈഗ് മിശ്ര എന്നയാള്‍ക്കാണ് നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. 

2019 ജൂണിലാണ് അപകടം നടന്നത്. അപകടത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 12പേര്‍ ഇന്ത്യക്കാരായിരുന്നു. അല്‍ റഷ്ദീയ മെട്രോ സ്‌റ്റേഷന് സമീപത്ത് വെച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. 

മസ്‌കത്തില്‍ ഈദ് അവധി ആഘോഷത്തിന് ശേഷം മടങ്ങുകയായിരുന്നു മിശ്ര. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മിശ്ര, 14 ദിവസം അബോധാവസ്ഥയില്‍ ആയിരുന്നു. ദുബൈയിലെ റാഷിദ് ആശുപത്രിയില്‍ രണ്ടുമാസം ചികിത്സയില്‍ കഴിഞ്ഞു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ മിശ്ര ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധ്യത കുറവാണ് എന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. 

20കാരനായ മിശ്ര, മെക്കാനിക്കല്‍ എഞ്ചിനിയറിങ് അവസാന സെമസ്റ്റര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കവെയാണ് അപകടം നടന്നത്. തലച്ചോറിന് അമ്പത് ശതമാനം പരിക്കേറ്റ മിശ്രയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച യുഎഇ സുപ്രീംകോടതി നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ഉത്തരവിടുകയായിരുന്നു. 

മിശ്ര വളരെ മികച്ച വിദ്യാര്‍ഥി ആയിരുന്നെന്നും അപകടം അദ്ദേഹത്തിന്റെ ജീവിതം മാറ്റിയെന്നും കോടതി നിരീക്ഷിച്ചു. ഒമാന്‍ സ്വദേശിയായ ബസ് ഡ്രൈവര്‍ക്ക് നേരത്തെ ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now