'ഹഹ...വൗ....', കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിച്ച് വിമാനത്തിലേയ്ക്ക്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്ത് മസ്‌ക്

ആളുകളെ ചങ്ങലയില്‍ ബന്ധിച്ച് അമേരിക്കന്‍ യുദ്ധവിമാനങ്ങളില്‍ തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ വൈറ്റ് ഹൌസ് പങ്കുവെച്ചത്.

വിമാനത്തില്‍ കയറ്റുന്നതിന് മുമ്പ് ആളുകളെ പരിശോധിച്ച് ചങ്ങലയില്‍ ബന്ധിക്കുന്നു Source by : വിഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :19 February 2025, 7:41 am IST

വാഷിങ്ടണ്‍: അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് വൈറ്റ് ഹൌസ്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഇലോണ്‍ മസ്‌കാണ് ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്. ആളുകളെ കയ്യിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ആളുകളെ ചങ്ങലയില്‍ ബന്ധിച്ച് അമേരിക്കന്‍ യുദ്ധവിമാനങ്ങളില്‍ തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ വൈറ്റ് ഹൌസ് പങ്കുവെച്ചത്. അതിനിടെ മുന്നൂറിലധികം അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക് ട്രംപ് ഭരണകൂടം കടത്തി. മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കാത്തവരാണ് ഇവരില്‍ അധികവും. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ ഉള്‍പ്പെടും. ഒരു ഹോട്ടലില്‍ പാര്‍പ്പിച്ച ഇവരുടെ പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു. സ്വന്തം രാജ്യങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍, ഇവരെ ഒരു താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎസ് സൈനിക വിമാനങ്ങള്‍ ഇന്ത്യയിലേക്ക് വരുന്നത് തുടരും. കുടിയേറിയവരെ സൈനിക വിമാനത്തില്‍ തിരിച്ചയയ്ക്കുന്നതിന് നല്‍കിയ അനുമതി ഇപ്പോള്‍ പുനപരിശോധിക്കില്ല. ആയിരക്കണക്കിനാളുകള്‍ ഇക്കൊല്ലം തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്നും ഓരോ മാസവും നാലഞ്ച് വിമാനങ്ങള്‍ പ്രതീക്ഷിക്കണമെന്നുമാണ് ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now