25 ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി, ഒറൈയോൺ പേടകം ഇന്ന് തിരിച്ചിറങ്ങും; നെഞ്ചിടിപ്പോടെ ശാസ്ത്രലോകം 

സുരക്ഷിതമായി തിരിച്ചിറങ്ങിയാൽ മാത്രമേ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന അടുത്ത ഘട്ടത്തിലേക്ക് നാസയ്ക്ക് കടക്കാനാവൂ

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:10 am IST
Edited by :migrator

ചാന്ദ്ര ദൗത്യം പൂർത്തിയാക്കി ഒറൈയോൺ പേടകം ഇന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങു. നാസയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം ആർട്ടിമിസ് ഒന്നിന്റെ ഭാഗമാണ് ഒറൈയോൺ. ആളില്ലാ പേടകം ചന്ദ്രനെ ചുറ്റിയ ശേഷമാണ് തിരിച്ചെത്തുന്നത്.  സുരക്ഷിതമായി തിരിച്ചിറങ്ങിയാൽ മാത്രമേ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന അടുത്ത ഘട്ടത്തിലേക്ക് നാസയ്ക്ക് കടക്കാനാവൂ. ഇതിനായി  നെഞ്ചിടിപ്പോടെയാണ് ശാസ്ത്രലോകം കാത്തിരിക്കുന്നത്.

അടുത്ത ഘട്ടം മനുഷ്യനെയും വഹിച്ച്

25 ദിവസം നീണ്ട യാത്രയിൽ ചന്ദ്രോപരിതലത്തിന് 130 കിലോമീറ്റ‍ർ അകലെ വരെയാണ് ഒറൈയോൺ എത്തിയത്. മണിക്കൂറിൽ നാൽപ്പതിനായിരം കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പേടകത്തെ മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലേക്ക് കൊണ്ട് വരണം. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗം തിരികെ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണത്തെയും ഉയർന്ന താപത്തേയും അതിജീവിക്കണം. രണ്ടായിരത്തി എണ്ണൂറ് ഡിഗ്രി സെൽഷ്യസ് വരെ ചൂടാണ് ഒറൈയോണിന്റെ പുറംപാളി തടുക്കേണ്ടത്. പാരച്യൂട്ടുകളും മറ്റ് സംവിധാനങ്ങളും ഉദ്ദേശിച്ചത് പോലെ പ്രവർത്തിക്കുകയും കൃത്യമായ സ്ഥലത്ത് ലാൻഡ് ചെയ്യുകയും ചെയ്താൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാവൂ. 

സ്കിപ് എൻട്രി പരീക്ഷണം

നീണ്ട ബഹിരാകാശ യാത്രയ്ക്ക് ശേഷം ഒരു പേടകത്തെ തിരികെ ഭൂമിയിലിറക്കുന്നതിൽ പുതുമയൊന്നുമില്ല, പക്ഷേ ഒറൈയോണിന്റെ പുനപ്രവേശം ഇത് വരെ പരീക്ഷിക്കാത്ത ഒരു വിധത്തിലാണ്. സ്കിപ് എൻട്രി എന്നാണ് ഈ രീതിയുടെ പേര്. ഒരു വട്ടം അന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം ഒന്ന് തെറിച്ച് പുറത്തേക്ക് പോയി വീണ്ടും പ്രവേശിക്കുന്നതാണ് രീതി. ഒരു കല്ലെടുത്ത് വെള്ളത്തിന് മുകളിലൂടെ എറിഞ്ഞ് ചാടിക്കുന്നത് പോലെയെന്ന് പറയാം. ഭൂമയിലേക്കുള്ള തിരിച്ചിറക്കം കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാനാണ് ഈ പുതിയ രീതി. സാൻഡിയാഗോയിൽ നിന്ന് എൺപത് കിലോമീറ്റർ അകലെ പസഫിക് സമുദ്രത്തിൽ ഗ്വാഡലൂപ്പെ ദ്വീപിന് അടുത്താണ് പേടകം ഇറങ്ങാൻ പോകുന്നത്. പേടകത്തെ കരക്കെത്തിക്കാനായി യുഎസ്എസ് പോർട്ട്ലാൻഡ് എന്ന കപ്പലും തയ്യാറാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now