എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍; ബ്രിട്ടനില്‍ 1000 വിമാനങ്ങള്‍ റദ്ദാക്കി

പല പ്രധാന വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം താറുമാറായി

More Than 1,000 Flights Cancelled Due To UK Air Traffic Control Glitch
UK air traffic glitch x
Edited by :Amal Joy
Last Updated :9 സെപ്റ്റംബർ 2026, 7:49 am IST

ലണ്ടന്‍: ബ്രിട്ടനില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തിലെ തകരാറിനെ തുടര്‍ന്ന് ആയിരം വിമാനങ്ങള്‍ റദ്ദാക്കി. നൂറുകണക്കിന് വിമാനങ്ങള്‍ വൈകി, പല പ്രധാന വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം താറുമാറായി. ഹീത്രോ, ഗാറ്റ്വിക്ക്, സ്റ്റാന്‍സ്റ്റഡ്, മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം, എഡിന്‍ബറോ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് തടസ്സം റിപ്പോര്‍ട്ട് ചെയ്തത്. വിമാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ യുകെയിലെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കുടുങ്ങിയതായി ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റ് ഫ്‌ലൈറ്റ്‌റാഡാര്‍ 24 റിപ്പോര്‍ട്ട് ചെയ്തു.

വിമാന സര്‍വീസുകള്‍ മുടങ്ങിയതും വൈകിയതും കാരണം യാത്രക്കാര്‍ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടു. വിമാനത്തിനുള്ളില്‍ റണ്‍വേയില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ടി വന്നതായി പല യാത്രക്കാരും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചു. വിവരങ്ങള്‍ കൃത്യമായി കൈമാറാന്‍ വിമാനക്കമ്പനികള്‍ തയ്യാറായില്ലെന്നും യാത്രക്കാരുടെ പരാതിയുണ്ട്.

ബ്രിട്ടിഷ് എയര്‍വേയ്സ്, ഈസിജെറ്റ്, കെഎല്‍എം, ലുഫ്താന്‍സ എന്നിവയുള്‍പ്പെടെയുള്ള നിരവധി വിമാനക്കമ്പനികളുടെ വിമാന സര്‍വീസുകളെ ബാധിച്ചു. യാത്രക്കാര്‍ വിമാനത്തിന്റെ നിലവിലെ അവസ്ഥ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് പരിശോധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യുകെയിലുടനീളമുള്ള വിമാന സര്‍വീസുകളെ ബാധിച്ച ഈ തകരാര്‍ ഫ്ലൈറ്റ് പ്രോസസിങ് സംവിധാനത്തിലാണ് ഉണ്ടായതെന്ന് ബ്രിട്ടനിലെ നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ് അറിയിച്ചു.

പ്രശ്നം പരിഹരിച്ചതായും സാധാരണ നില കൈവരിച്ചു വരുന്നതായും അധികൃതര്‍ പിന്നീട് വ്യക്തമാക്കി. എന്നാല്‍ ഈ സാങ്കേതിക തകരാറിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ എയര്‍ലൈനുകളും വിമാനത്താവളങ്ങളും പ്രവര്‍ത്തിച്ചതിനാല്‍ യുകെയിലെ പതിനഞ്ചില്‍ കൂടുതല്‍ വിമാനത്താവളങ്ങളില്‍ കാലതാമസം നേരിട്ടതായും അധികൃതര്‍ അറിയിച്ചു.

News Now

Summary

Air traffic control system failure; 1000 flights cancelled in Britain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates