അടങ്ങാതെ റഷ്യ: യുക്രെയ്‌നിലെ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ 10 മരണം; കുട്ടികള്‍ടക്കം പരിക്ക്

യുക്രെയ്ന്‍ വ്യോമസേനയുടെ കണക്കു പ്രകാരം റഷ്യ ഒറ്റ രാത്രിയില്‍ 650-ലധികം ഡ്രോണുകളും ഏകദേശം 70 മിസൈലുകളും പ്രയോഗിച്ചിട്ടുണ്ട്.

Russia Unrelenting: 10 Dead, Children Injured in Russian Missile Attack in Ukraine
യുക്രെയ്‌നിലെ റഷ്യന്‍ മിസൈല്‍ ആക്രമണംSamakalika Malayalam
Edited by :ചന്ദ്ര സ്വസ്തി
Last Updated :2 ജൂൺ 2026, 3:17 pm IST

കിവ് : യുക്രെയ്നിനെതിരെ റഷ്യ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ 10 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനമായ കീവിലും ഡ്‌നിപ്രോ നഗരത്തിലും ഉണ്ടായ ആക്രമണങ്ങളാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്. ഡ്‌നിപ്രോയില്‍ ആറു പേരും കീവില്‍ നാല് പേരുമാണ് മരിച്ചതെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു.

യുക്രെയ്‌നിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യോമാക്രമണ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ആരംഭിച്ച ആക്രമണത്തില്‍ നിരവധി അപ്പാര്‍ട്ട്‌മെന്റുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. അതിനാല്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിയിരിക്കാമെന്ന ആശങ്കയുമുണ്ട്. പരിക്കേറ്റവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യൻ ബോംബാക്രമണത്തിനിടെ കിവ് മെട്രോ സ്റ്റേഷനിൽ അഭയം പ്രാപിച്ചവർ

റഷ്യൻ ബോംബാക്രമണത്തിനിടെ കിവ് മെട്രോ സ്റ്റേഷനിൽ അഭയം പ്രാപിച്ചവർ - Reuters

കീവ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായും നഗരമധ്യത്തില്‍ കനത്ത പുക ഉയരുന്നതു കണ്ടതായും പ്രദേശവാസികള്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പിന് സമീപവും നിര്‍മാണ സ്ഥലങ്ങളിലും ആള്‍പാര്‍പ്പുള്ള കെട്ടിടങ്ങളിലും തീപിടിച്ചു.

ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്ലാക്ക്ഔട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനങ്ങളോട് സുരക്ഷിതകേന്ദ്രങ്ങളില്‍ തുടരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

വടക്കുകിഴക്കന്‍ നഗരമായ ഖാര്‍കീവിലെ ആക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തെക്കന്‍ മേഖലയായ സപോരിഷ്യയിലെ വ്യാവസായിക കേന്ദ്രത്തിലും ആക്രമണമുണ്ടായി.

യുക്രെയ്ന്‍ വ്യോമസേനയുടെ കണക്കു പ്രകാരം റഷ്യ ഒറ്റ രാത്രിയില്‍ 650-ലധികം ഡ്രോണുകളും ഏകദേശം 70 മിസൈലുകളും പ്രയോഗിച്ചിട്ടുണ്ട്. ഇതില്‍ 642 എണ്ണം പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നാണ് യുക്രെയ്ന്‍ അവകാശപ്പെടുന്നത്. എന്നാല്‍ യുക്രെയ്ന്‍ മുന്‍പ് നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ നടപടിയെന്നും നിശ്ചയിച്ച എല്ലാ ലക്ഷ്യങ്ങളും വിജയകരമായി ആക്രമിച്ചുവെന്നുമാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.

കഴിഞ്ഞ ആഴ്ച റഷ്യന്‍ നിയന്ത്രണത്തിലുള്ള കിഴക്കന്‍ യുക്രെയ്നിലെ ഹോസ്റ്റലിന് നേരെ യുക്രെയ്ന്‍ നടത്തിയ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി മോസ്‌കോ ആരോപിച്ചിരുന്നു. എന്നാല്‍ റഷ്യന്‍ സൈനിക യൂണിറ്റിനെയാണ് ലക്ഷ്യമിട്ടതെന്നാണ് യുക്രെയ്ന്‍ വിശദീകരിച്ചത്.

തിങ്കളാഴ്ച രാത്രിയിലെ വീഡിയോ സന്ദേശത്തില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി രാജ്യത്തിനെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം റഷ്യ വലിയ ആക്രമണത്തിനുള്ള തയ്യാറെടുപ്പിലാണെന്നും വ്യോമാക്രമണ മുന്നറിയിപ്പുകള്‍ ഗൗരവമായി കാണണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

2025 മെയില്‍ അവസാനിച്ച ഹ്രസ്വകാല വെടിനിര്‍ത്തലിന് ശേഷം റഷ്യ നിരവധി തവണ കീവ് ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒരു ഫ്‌ലാറ്റ് സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിറകേ മോസ്‌കോ മേഖലയില്‍ യുക്രെയ്ന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചതായി റഷ്യന്‍ അധികൃതരും അറിയിച്ചിരുന്നു. നടപടി 'പൂര്‍ണമായും ന്യായമാണ്' എന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.

2022-ല്‍ ആരംഭിച്ച റഷ്യയുടെ സമ്പൂര്‍ണ അധിനിവേശത്തിന് ശേഷം നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന യുദ്ധം ഇപ്പോഴും അവസാന സൂചനകളില്ലാതെ തുടരുകയാണ്. പുതിയ ആക്രമണം യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നുവെന്ന ആശങ്കയ്ക്ക് ശക്തി പകരുകയാണ്.

News Now

Summary

Russia Unrelenting: 10 Dead, Children Injured in Russian Missile Attack in Ukraine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates