യുദ്ധം അവസാനിച്ചതായി താലിബാന്‍; ജാഗ്രതയോടെ ഇന്ത്യ ; വിമാനങ്ങള്‍ സജ്ജമാക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ദേശം

മുജാഹിദുകള്‍ക്ക് നല്ല ദിവസമെന്നും 20 വര്‍ഷത്തെ പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് വിജയമെന്നും താലിബാന്‍ വക്താവ് പറഞ്ഞു

പ്രസിഡന്റിന്റെ കൊട്ടാരത്തിൽ താലിബാൻ നേതാക്കൾ / ട്വിറ്റർ ചിത്രം
Last Updated :20 January 2024, 8:47 am IST
Edited by :migrator

കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നിയന്ത്രണം പിടിച്ചടക്കിയതിന് പിന്നാലെ യുദ്ധം അവസാനിച്ചതായി താലിബാന്‍ അറിയിച്ചു. അഫ്ഗാന്‍ ജനങ്ങള്‍ക്കും, മുജാഹിദുകള്‍ക്കും ഇന്ന് നല്ല ദിവസമാണെന്നും 20 വര്‍ഷത്തെ പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് വിജയമെന്നും താലിബാന്‍ വക്താവ് മുഹമ്മദ് നയീം പറഞ്ഞു. 

ആരെയും ഭീതിയിലാക്കരുതെന്ന് അനുയായികള്‍ക്ക് താലിബാന്‍ നിര്‍ദേശം നല്‍കി. സാധാരണക്കാരുടെ ദൈനംദിന പ്രവൃത്തികള്‍ തടസപ്പെടുത്തരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തിട്ടുണ്ട്. 

കാബൂള്‍ എംബസിയിലെ എല്ലാവരെയും അമേരിക്ക ഒഴിപ്പിച്ചു. ഇവരെ ഹെലികോപ്ടറില്‍ വിമാനത്താവളത്തില്‍ എത്തിച്ചു. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആറായിരം അമേരിക്കന്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. 

അതിനിടെ രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തിലേക്ക് ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. തിരക്ക് വര്‍ധിക്കുന്നതിനിടെ വിമാനത്താവളത്തില്‍ വെടിവെപ്പ് ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. 

അതിനിടെ, അഫ്ഗാനിസ്ഥാനിലേക്ക് പോകാന്‍ സജ്ജമായിരിക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. രണ്ടു വിമാനങ്ങളാകും അഫ്ഗാനിലേക്ക് പറക്കുക എന്നാണ് സൂചന. ഇന്നു രാത്രി 8. 30 ന് പോകാന്‍ നിശ്ചയിച്ചിരുന്ന വിമാനം ഉച്ചയ്ക്ക് 12.30 ന് പുറപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

താലിബാന്‍ കാബുള്‍ വളഞ്ഞതോടെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. ഗനി അയല്‍രാജ്യമായ താജിക്കിസ്ഥാനിലേക്ക്  പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉസ്‌ബെക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടതായും വാര്‍ത്തകളുണ്ട്. എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ എവിടേക്കാണ് പോയതെന്ന് വെളിപ്പെടുത്താനാകില്ലെന്ന് ഗനിയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച് വൈറ്റ് ഹൗസിന് മുന്നില്‍ യുഎസിലെ അഫ്ഗാന്‍ പൗരന്മാര്‍ പ്രതിഷേധിച്ചു. ബൈഡന്‍, നിങ്ങളാണ് കുറ്റ്കകാരനെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now