ഉഗാണ്ടയില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സുമായി ബന്ധമുള്ള ഭീകര സംഘടന സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി

ചിത്രം: എഎഫ്പി
Last Updated :20 January 2024, 9:21 am IST

News Now


ഉഗാണ്ടയില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സുമായി ബന്ധമുള്ള ഭീകര സംഘടന സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. വെള്ളിയാഴ്ചയാണ് വെസ്റ്റ് ഉഗാണ്ടയിലെ പോണ്ട്‌വേയിലെ ലുബിരിഹ സ്‌കൂളില്‍ ആക്രമണം നടന്നത്.

അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന സംഘടനയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാത്രി 11 മണിയോടെയാണ് ആക്രമണം നടന്നത്. സ്‌കൂളിലേക്ക് ബോംബ് എറിഞ്ഞ ഭീകരര്‍, ആണ്‍കുട്ടികളുടെ ഡോര്‍മിട്രി പുറത്തുനിന്ന് പൂട്ടി പെട്രോള്‍ ഒഴിച്ച് കത്തിച്ചു. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് ഓടിയ കുട്ടികളെ വെട്ടിക്കൊന്നു. ചില മൃതശരീരങ്ങള്‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

Story image

നിരവധി പേരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി. ആക്രമണത്തിന് ശേഷം ഇവര്‍ വിരുംഗ മലനിരകളിലേക്ക് രക്ഷപ്പെട്ടു. ഭീകരര്‍ക്കായി ഉഗാണ്ടന്‍ സേന തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കുട്ടികളെ കൊല്ലുന്നത് പതിവാക്കിയ ഭീകര സംഘടന

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് എഡിഎഫ്. മുന്‍പും സ്‌കൂളുകള്‍ക്ക് നേരെ എഡിഎഫ് ആക്രമണം നടത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ കത്തിച്ച് വിദ്യാര്‍ഥികളെ കൊല്ലുന്നതും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും ഈ സംഘടനയുടെ പതിവ് രീതിയാണ്.

1990കളില്‍ രൂപം കൊണ്ട എഡിഎഫിനെ 2001ല്‍ ഉഗാണ്ടന്‍ സൈന്യം രാജ്യത്ത് നിന്ന്തുരത്തിയിരുന്നു. ശേഷം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച എഡിഎഫ്, ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധം സ്ഥാപിക്കുകയും ഉഗാണ്ടയില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates