കോവിഡ് ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ എഴുപതുകാരന് എട്ടു കോടിയിലേറെ രൂപ

Last Updated :20 January 2024, 8:25 am IST

News Now

വാഷിങ്ടണ്‍: കോവിഡ് ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ എഴുപതുകാരന് എട്ടു കോടിയിലേറെ രൂപ ആശുപത്രി ബില്‍. 1.1 മില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആശുപത്രി ചെലവായി ലഭിച്ച ബില്‍ത്തുക. (ഏകദേശം 8,35,52,700 രൂപ).

മാര്‍ച്ച് നാലിനാണ് യുഎസിലെ വടക്കുപടിഞ്ഞാറന്‍ നഗരത്തിലെ ആശുപത്രിയിലാണ് മൈക്കല്‍ ഫ്‌ളോറിനെ പ്രവേശിപ്പിച്ചത്. ഇദ്ദേഹം ചികിത്സയില്‍ കഴിഞ്ഞത് 62 ദിവസമാണ്. ഇയാള്‍ വീട്ടുകാരെ ഫോണ്‍ വിളിക്കുന്നതുള്‍പ്പടെയുള്ള അവസരങ്ങള്‍ ആശുപത്രി അധികൃതര്‍ ഒരുക്കിയിരുന്നു. എന്നാല്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് മെയ് അഞ്ചിന് ഫ്‌ളോറിനെ ഡിസ്ചാര്‍ജ് ചെയ്തു. 

എന്നാല്‍ ആശുപത്രി ബില്‍ ലഭിച്ചതോടെ ഫ്‌ളോറും കുടുംബാംഗങ്ങളും ഒന്ന് ഞെട്ടി. 181 പേജുള്ള ബില്ലാണ് ഫ്‌ളോറിന് ലഭിച്ചത്, ആകെ തുക  8,35,52,700 രൂപ. തീവ്രപരിചരണ മുറിയ്ക്ക് ദിവസേന 9,736 ഡോളറാണ് വാടക. 29 ദിവസത്തെ വെന്റിലേറ്റര്‍ വാടക 82,000 ഡോളര്‍, 42 ദിവസത്തേക്ക് മുറി അണുവിമുക്തമാക്കുന്നതിന് 4,09,000 ഡോളര്‍, രണ്ട് ദിവസം ഗുരുതരാവസ്ഥയിലായതിന്റെ ചികിത്സയ്ക്ക് 1,00,000 ഡോളര്‍. ഇങ്ങനെയാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗവണ്‍മെന്റ് നല്‍കി വരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ഫ്‌ളോറിന് ലഭിക്കുമെന്നതിനാല്‍ സ്വന്തം കയ്യില്‍ നിന്ന് ഇത്രയും തുക അദ്ദേഹത്തിന് നല്‍കേണ്ടി വരില്ല. എന്നാല്‍ ആരോഗ്യപരിപാലനത്തിന് ലോകത്ത് ഏറ്റവുമധികം ചെലവ് വരുന്ന രാജ്യത്ത് തന്നെ പോലെയുള്ളവരുടെ ചികിത്സാചെലവിന്റെ ഭാരം നികുതി നല്‍കുന്നവരില്‍ അടിച്ചേല്‍പിക്കപ്പെടുമെന്ന ആശങ്ക ഫ്‌ളോര്‍ പ്രകടിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോവിഡ് ഭേദമായി; വയോധികന് എട്ടുകോടിയുടെ ആശുപത്രി ബില്‍