എളം പച്ച്യോ കട്ടി പച്ച്യോ? - ആകാശ് കിരണ്‍ എഴുതിയ കവിത

malayalam poem
ആകാശ് കിരണ്‍ എഴുതിയ കവിത malayalam poemAI Image
Edited by :Shiju
Last Updated :18 ജൂലൈ 2025, 2:07 pm IST

എളം പച്ച്യോ

കട്ടി പച്ച്യോ?

ചോദ്യത്തോടൊപ്പം

കുറുമാണലിന്റെയില*

പുറം മറിഞ്ഞ്

നിലത്ത് വീഴും.

ടോസ് നേടിയ

ടീം എതിര്‍ ടീമിനെ

ചരിത്രത്തിലിന്നേവരെ

ബാറ്റിംഗിനയച്ചതയായി

കേട്ടുകേള്‍വിയില്ല.

നേരെ മാത്രം സിക്‌സ്,

ഇടത്തെ ഭാഗത്തെ

കെള* കടത്തിയടിച്ചാല്‍

ഔട്ട്,

പന്ത് പാലമരത്തില്‍ക്കൊണ്ട്

തിരിച്ച് വന്നാല്‍ രണ്ടുറണ്‍സ്,

ബോളൗട്ടായാല്‍

ഒരു റണ്‍.

പരിചയസമ്പന്നനായ

കളിക്കാരന്‍ നിയമാവലിയുടെ

കെട്ടഴിക്കും.

സച്ചിനും സേവാഗും

ജയസൂര്യയും പോണ്ടിങ്ങും

സ്മിത്തും ലാറയും

തുടങ്ങി ലോകോത്തര

ബാറ്റര്‍മാര്‍ ക്രീസിലിറങ്ങാനായി തയാറെടുക്കും.

അക്തറും ബ്രെറ്റ്‌ലീയും

സഹീറും വോണും

മുരളിയും

ബാറ്റര്‍മാരുടെ

വിക്കറ്റിനായി

കോപ്പ് കൂട്ടും.

മാച്ചിപ്പട്ടയും*

ഓണക്കോലയുംകൊണ്ട്

വരഞ്ഞിട്ട ബൗണ്ടറിക്കപ്പുറം

പറന്നു വീഴുന്ന

സിക്‌സറുകളും

കുത്തിപ്പൊങ്ങി

തലക്ക് നേരെ

ചീറി വരുന്ന

ബൗണ്‍സറുകളും

സ്റ്റെമ്പിളക്കുന്ന

ക്ലീന്‍ ബൗള്‍ഡുകളും

വായുവില്‍ പറന്ന്

പിടിക്കുന്ന ക്യാച്ചുകളും

ഞരമ്പില്‍ തീ കയറ്റും.

കള്ളക്കണക്കില്‍

കൂട്ടിയിട്ട റണ്ണിന്റെ

പേരില്‍

എറിയാതെപോയ

പന്തിന്റെ പേരില്‍

കളി കാര്യമായിത്തുടങ്ങും.

കീപ്പര്‍ ക്യാച്ചുകളും

റണ്ണൗട്ടുകളും

കളിക്കളത്തെ

പടക്കളമാക്കും.

ടീമിന് വേണ്ടി

ചകാന്‍ പോലും

തയ്യാറായി

കളിക്കാര്‍

കൊമ്പ്‌കോര്‍ക്കും.

കൂട്ടത്തിലൊരു

സമാധാനപ്രിയന്റെ

ഇടപെടലില്‍

കളി ആദ്യേ പുതിയേ*..

എളം പച്ച്യോ

കട്ടി പച്ച്യോ?

കുറുമാണലിന്റെയില

കാറ്റില്‍ അകം

പുറം മറിഞ്ഞ്

നെഞ്ചിടിപ്പ്

കൂട്ടി

നിലത്തേക്ക്.

• കുറുമാണല്‍ - പാണല്‍ (ഒരിനം കുറ്റിച്ചെടി)

• കെള - വെള്ളം പോകാനായുണ്ടാക്കുന്ന ചാല്‍

• മാച്ചിപ്പട്ട - കമുകിന്റെ ഓല

• ആദ്യേ പുതിയേ - ആദ്യം തൊട്ടേ /പുതിയത്

News Now

Summary

Malayalam Poem, Literature

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates