അപ്പാപ്പൻ - ആകാശ് കിരൺ ചീമേനി എഴുതിയ കവിത

Elderly man in kerala
representative image created by Ai image generator Ai image generator
Edited by :Shiju
Last Updated :1 സെപ്റ്റംബർ 2026, 9:50 am IST

കൊറോണക്കാലത്ത് 

എല്ലാരും 

വീട്ടിലിരുന്നപ്പോഴും 

അപ്പാപ്പന് 

പണിക്കുപോകാതെ

പറ്റില്ലായിരുന്നു.

അല്ലെങ്കിൽ 

അപ്പാപ്പൻ 

പണിക്കു 

പോയതുകൊണ്ടാണ് 

കൊറോണക്കാലം

കഴിഞ്ഞുപോയതെന്ന്  

പറയാം.

അപ്പാപ്പൻ 

വീടും നാടും വിട്ട് 

എവിടെയും പോകാറില്ല,

അഥവാ പോയാൽത്തന്നെ 

മറന്നുവച്ചതെന്തോ 

തിരിച്ചെടുക്കാൻ 

വരുമ്പോലെ 

വൈകുന്നേരമാകുമ്പോൾ  

വീട്ടിൽ ഹാജർ വെക്കും.

വീട്ടിൽ കെട്ടിയിട്ടത് 

പശുനേം 

നായീനേം 

ആണെങ്കിലും 

ആരും കാണാത്തൊരു 

കെട്ടിൽക്കുടുങ്ങി

അപ്പാപ്പൻ 

കാലാകാലങ്ങളായി 

വീടിനു ചുറ്റും 

കിതച്ചു നടപ്പുണ്ട്. 

അപ്പാപ്പന് 

രാവിലെ 

നാലുമണിക്ക് 

എഴുന്നേൽക്കണം,

എന്തിനാ 

ഇത്ര നേരത്തെ 

എഴുന്നേൽക്കുന്നതെന്ന് 

ചോദിച്ചാൽ 

സൂര്യനെ പിന്നെയാര് 

കുത്തിപ്പൊക്കും 

എന്ന തമാശയിൽ 

ഉത്തരമൊതുക്കും.

എഴുന്നേറ്റയുടൻ 

വളപ്പിലേക്കിറങ്ങി

റബ്ബർ മരത്തെ 

ചുറ്റിയും തിരിഞ്ഞും 

കഥയും കാര്യവും പറഞ്ഞ് 

വേദനിപ്പിക്കാതെ 

അവയുടെ 

പള്ളയിൽ വരഞ്ഞ് 

പാലൂറ്റിയെടുക്കും.

അതുകഴിഞ്ഞാൽ 

നേരെ ആലയിലേക്കാണ്,

പശുക്കളെ രണ്ടെണ്ണത്തിനെ 

കുളിപ്പിച്ച് കറക്കുമ്പോഴേക്കും 

വെളിവന്ന് വീട്ടിൽക്കയറും.

പിന്നെ നേരെ 

അടുക്കളയിൽക്കയറി

തലേന്നരച്ചുവച്ച

ദോശമാവെടുത്ത്

ദോശക്കല്ലിൽ 

കൃത്യം വട്ടത്തിൽ 

അഞ്ചുപത്തെണ്ണം 

ചടപടാന്ന് ചുട്ടെടുക്കും

ഉശിരനൊരു 

ചമ്മന്തിയുമരക്കും.

അത് കഴിച്ചു 

കഴിഞ്ഞാൽ 

റിക്ഷയുമെടുത്ത് 

ടൗണിലേക്കൊരുപോക്കാണ് .

പിന്നെ നേരം

ഇരുട്ടുമ്പോഴാകും 

വീട്ടിലേക്ക്.

ബസ്റ്റോപ്പിനടുത്തെ 

വളവിൽ നിന്നും

റിക്ഷ 

തിരിയുമ്പോൾ

വീട്ടിലെ

പശൂനും 

നായിക്കും

പൂച്ചക്കുമറിയാം

അപ്പാപ്പൻ വരുന്നുണ്ടെന്ന്.

അവരമറിയും

കുരച്ചും

കരഞ്ഞും

സന്തോഷം

കാണിക്കും.

വീട്ടിലേക്ക്

റിക്ഷ കയറ്റി നിർത്തിയ

ഉടനെ ഒരു കൊട്ട 

പിണ്ണാക്ക് പശൂനും 

നാലഞ്ച്

കോയിക്കാല് 

നായിക്കും 

അപ്പാപ്പനും

പൂച്ചയ്ക്കും കൂടി

നല്ല പെടക്കണ

മീനും

ഇരുത്തിയിലെടുത്ത്

വെക്കും.

മീൻ മുറിച്ച്  

കറിവെച്ച് 

ചോറുംതിന്ന് 

അപ്പാപ്പൻ 

ഇറയത്തെ 

മടക്കു കട്ടിലിൽ 

ചുരുളും.

അപ്പാപ്പൻ്റെ

കണ്ണിൽ

ഉറക്കം കനം 

വെക്കുമ്പോഴേക്കും

വീട് മെല്ലെ അപ്പാപ്പനെ

ചങ്ങലക്കിടും.

ഇരു ചെവിയറിയാതെ

രാത്രിമുഴുവൻ

തൻ്റെ ശിക്ഷണത്തിൽ 

അനുസരണയുള്ള

മൃഗമായിരിക്കാൻ

പരിശീലനം നൽകി

അടിമയാക്കും.

അപ്പാപ്പൻ രാവിലെ

അറിയുമ്പോഴേക്കും

വീടാ ചങ്ങലയഴിച്ച്

മാറ്റിയാലും രാത്രി

പഠിപ്പിച്ചത് മറക്കാതെ

അപ്പാപ്പൻ

വീടേ വീടേ

എന്ന ചങ്ങലക്കൊളുത്തിൽ 

നിന്നും ഊരാൻ പറ്റാതെ

ജീവിതം വീടിനായി

കിതച്ച് വറ്റിക്കും.

News Now

Summary

Malayalam poem written by Aakash Kiran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates